പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ ജാവേദ് അക്തറിന്റെ ഒരു സിനിമപോലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാം കദം മുന്നറിയിപ്പ് നല്‍കി. 

ദില്ലി: ആര്‍എസ്എസിനെ താലിബാനോടുപമിച്ചതില്‍ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്. ജാവേദ് അക്തര്‍ മാപ്പ് പറയാതെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര എംഎല്‍എയും ബിജെപി വക്താവുമായ രാം കദം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്തര്‍ പ്രസ്താവന നടത്തിയത്. ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നവരും താലിബാനും ഒരേ മാനസികാവസ്ഥയുള്ളവരാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ജാവേദ് അക്തറിന്റെ പ്രസ്താവന പരിഹാസ്യമാണന്ന് മാത്രമല്ല, ലോകത്താകമാനമുള്ള സംഘ് പ്രവര്‍ത്തകരുടെയും വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തകരെയും അവരുടെ ആശയത്തെ അംഗീകരിക്കുന്ന കോടിക്കണക്കിനാളുകളെ വേദനിപ്പിക്കുന്നതാണ്. പാവങ്ങളെ സേവിക്കുന്ന പ്രവര്‍ത്തകരെ ജാവേദ് അക്തര്‍ അപമാനിച്ചെന്നും രാം കദം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാതെ ജാവേദ് അക്തറിന്റെ ഒരു സിനിമപോലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാം കദം മുന്നറിയിപ്പ് നല്‍കി. ഖട്ട്‌കോപാര്‍ വെസ്റ്റ് എംഎല്‍എയാണ് രാം കദം.

Scroll to load tweet…

ലോകത്തെ എല്ലാ തീവ്രവലതുപക്ഷത്തിനും വേണ്ടത് ഒരേ കാര്യമാണ്. താലിബാന് വേണ്ടത് ഇസ്ലാമിക രാഷ്ട്രമാണ്. ഹിന്ദുരാഷ്ട്രം വേണ്ടവരും ഉണ്ട്. ഇവരുടെല്ലാം മാനസിക നില ഒന്നാണ്. താബിബാനെ പിന്തുണക്കുന്നവരും ആര്‍എസ്എസ്, വിഎച്ച്പി എന്നിവരെ പിന്തുണക്കുന്നവരും ഒരേ മനോഭാവക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona