ഒരു വീട്ടിലെ ജോലിക്കായി കൊണ്ടുപോയ യുവതിയെ ഒന്നിലധികം വീടുകളിലാണ് ജോലി ചെയ്യിച്ചത്. 15 മണിക്കൂർ വരെ തൊഴിലുടമ ഇവരെക്കൊണ്ട് ജോലി ചെയ്യിച്ചു
മസ്കറ്റ്: ദിവസവും 15 മണിക്കൂർ ജോലി, നാല് മാസം ശമ്പളമില്ല. വീട്ടുജോലിക്കായി ഒമാനിലെത്തിയ യുവതി ഒടുവിൽ സഹായം തേടി ഇന്ത്യൻ എംബസിയിൽ.ഹൈദരാബാദിലെ പഹാഡി ഷെരീഫ് സ്വദേശിനിയായ ഷബ്നം ബീഗം എന്ന യുവതിയാണ് ഒമാനിലെ തന്റെ തൊഴിലുടമയിൽ നിന്നും നേരിട്ട ക്രൂരമായ ചൂഷണങ്ങളെ തുടർന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 200 ഒമാനി റിയാൽ ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്നം ബീഗത്തെ ഒരു ഏജൻസി മസ്കറ്റിലേക്ക് കൊണ്ടുപോയത്.
എന്നാൽ ഒമാനിൽ എത്തിയതോടെയാണ് വൻ ചതിയാണ് സംഭവിച്ചതെന്ന് യുവതിക്ക് വ്യക്തമാവുന്നത്. ഒരു വീട്ടിലെ ജോലിക്കായി കൊണ്ടുപോയ യുവതിയെ ഒന്നിലധികം വീടുകളിലാണ് ജോലി ചെയ്യിച്ചത്. 15 മണിക്കൂർ വരെ തൊഴിലുടമ ഇവരെക്കൊണ്ട് ജോലി ചെയ്യിച്ചു. ആവശ്യത്തിന് ഭക്ഷണവും താമസസൗകര്യവും നൽകിയിരുന്നില്ലെന്ന് മാത്രമല്ല, കഴിഞ്ഞ നാല് മാസമായി യാതൊരുവിധ ശമ്പളവും നൽകിയില്ലെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
തൊഴിലുടമയുടെ ഭാഗത്തുനിന്നുമുണ്ടായ ക്രൂരമായ തൊഴിൽ ചൂഷണം താങ്ങാൻ കഴിയാതെ വന്നതോടെ ഷബ്നം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. നിലവിൽ മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയിരിക്കുന്ന ഇവർ നാട്ടിലേക്ക് തിരിച്ചെത്താനുള്ള സഹായത്തിനായി കാത്തിരിക്കുകയാണ്. ഷബ്നത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും എത്രയും വേഗം ഹൈദരാബാദിലേക്ക് മടങ്ങിയെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അപേക്ഷ നൽകിയിട്ടുണ്ട്.


