ബെംഗളൂരു: കർണാടകത്തിൽ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജനതാദൾ എസ്. ബിജെപിക്കൊപ്പം നിൽക്കുകയെന്നാൽ ജനങ്ങൾക്കെതിരെ പ്രവർത്തിക്കുക എന്നാണെന്നു പാർട്ടി പ്രസ്താവനയിറക്കി. ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നു എച്ച്.ഡി.ദേവഗൗഡയും എച്ച്.ഡി.കുമാരസ്വാമിയും വ്യക്തമാക്കി. 

പാർട്ടിയിൽ ഒരു വിഭാഗം എംഎൽഎമാർ ബിജെപിയെ പുറത്തു നിന്ന് പിന്തുണക്കണം എന്ന് അഭിപ്രായപ്പെട്ടതായി മുതിർന്ന നേതാവ് ജി.ടി.ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു. ജെഡിഎസ് ഔദ്യോഗികമായി പിന്തുണ അറിയിച്ചാൽ പരിഗണിക്കാം എന്നായിരുന്നു ബിജെപിയുടെ മറുപടി. 

അതെ സമയം നാളെ വിശ്വാസവോട്ട് തേടാനിരിക്കെ മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് ബിജെപി എംഎൽഎമാരുടെ യോഗം വിളിച്ചു. വൈകിട്ട് മൂന്ന് മണിക്ക് വിധാൻ സൗധയിൽ ചേരുന്ന യോഗത്തിൽ മന്ത്രിസഭാ വികസനവും ചർച്ചയായേക്കും. വിശ്വാസവോട്ടിനൊപ്പം നിലവിലെ സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാനും ബിജെപി ഉദ്ദേശിക്കുന്നുവെന്നാണ് വിവരം.