ഗുവാഹത്തി: ദേശീയപൗരത്വ പട്ടികയില്‍നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ രാജ്യവ്യാപകമായി കേന്ദ്രങ്ങള്‍ തുറന്നു. അസമിന്‍റെ തലസ്ഥാനമായ ഗുവാഹത്തിയാണ് ഓഫീസുകളുടെ കേന്ദ്രം. പരിചയ് എന്നാണ് പദ്ധതിയുടെ പേര്. ദേശീയപൗരത്വ പട്ടികയില്‍നിന്ന് പുറത്താക്കിയതിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് അറിവ് നല്‍കുകയും സഹായിക്കുകയുമാണ് കേന്ദ്രങ്ങളിലൂടെ ചെയ്യുന്നത്.

അസമിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി ആന്‍ഡ് ജുഡീഷ്യല്‍ അക്കാദമി, ബംഗാള്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സ്, ഹൈദരാബാദ് നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ്, ദില്ലി നാഷണല്‍ ലോ യൂണിവേഴ്സിറ്റി, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഒഡിഷ എന്നീ കോളേജുകളാണ് രാജ്യത്താകമാനം സഹായ കേന്ദ്രം നടത്തിയത്.  നിയമ വിദ്യാര്‍ത്ഥികളും അധ്യാപകരും സഹകരിച്ചാണ് കേന്ദ്രങ്ങള്‍ തുറന്നത്.

പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നത് ഉത്തരവാദിത്തമാണെന്ന് എന്‍എല്‍യുജെഎ വൈസ് ചാന്‍സലര്‍ ജെ എസ് പാട്ടീല്‍ പറഞ്ഞു. ആഗസ്റ്റ് 31ന് പുറത്തിറക്കിയ അസം പൗരത്വ പട്ടികയില്‍നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്.