ദില്ലി: അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജസിറ്ററിന് (എൻആർസി) സമാനമായ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ പറ‌ഞ്ഞു. ഒരു മതവിഭാഗത്തിലെയും വിശ്വാസികൾ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും അമിത് ഷാ വ്യക്തമാക്കി. എൻആർസി എല്ലാവരെയും പൗരത്വപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. 

രാജ്യവ്യാപകമായി നടപ്പാക്കുന്ന സമയത്ത് ആസമിൽ എൻആർസി വീണ്ടും നടത്തുമെന്നും അമിത് ഷാ ഇന്ന് രാജ്യസഭയിൽ അറിയിച്ചു. 19 ലക്ഷത്തോളം പേരാണ് ആസമിൽ എൻആർസി പട്ടികയ്ക്ക് പുറത്തായത്. എൻആർസിയിൽ പട്ടികയിൽ പെടാത്തവർക്ക് കോടതിയെയും ട്രൈബ്യൂണലിനെയും സമീപിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറയുകയുണ്ടായി. 

രാജ്യത്തെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുതായി അമിത് ഷാ നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. അസം പൗരത്വ പട്ടികയിൽ നിന്ന് 19,06,657 പേർ ഒഴിവാക്കപ്പെട്ടുവെന്നാണ് പരാതി, അർഹരായ നിരവധിപ്പേർ പട്ടികയിൽ നിന്ന് പുറത്തായെന്നും ബംഗാളി ഹിന്ദുക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അടക്കം ആക്ഷേപമുയ‍‌‌ർന്നിരുന്നു. തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ റജിസ്റ്ററിലെന്നും. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്നും ചൂണ്ടി കാട്ടി അസമിലെ പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാര്‍. 

പശ്ചിമബംഗാളിലും ബീഹാറിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് നേരത്തെയുള്ള ബിജെപി നിലപാട്.