ദില്ലി: രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്‍റെ തലവനായി രാമജന്മഭൂമി ന്യാസ് തലവന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യ വര്‍ക്കിംഗ് ബോര്‍ഡ് യോഗത്തിലെ ചെയര്‍മാനായി നൃത്യഗോപാല്‍ ദാസിനെ തെരഞ്ഞെടുത്തിരുന്നു. ട്രസ്റ്റിലേക്ക് നാമനിര്‍ദേശം ചെയ്ത രണ്ട് സ്ഥിരാംഗങ്ങളാണ് തലവനായി രണ്ട് പേരെ നിര്‍ദേശിച്ചതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മഹന്ത് നൃത്യ ഗോപാല്‍ ദാസിന് പുറമെ, വിഎച്ച്പി വൈസ് പ്രസിഡന്‍റ് ചമ്പത് റായിയെയും നിര്‍ദേശിച്ചു.

എന്നാല്‍, സമവായത്തില്‍ നൃത്യഗോപാല്‍ ദാസിന് നറുക്ക് വീഴുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഒമ്പതംഗ അംഗ ട്രസ്റ്റിയുടെ നിലവിലെ ചെയര്‍മാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ പരാശരനാണ്. മഹന്ത് നൃത്യ ഗോപാല്‍ ദാസും വിഎച്ച്പി വൈസ് പ്രസിഡന്‍റ് ചമ്പത് റായിയും ബാബ്‍രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായിരുന്നു. ഇരുവരെയും ട്രസ്റ്റിന്‍റെ തലപ്പത്തേക്ക് എത്തിക്കണമെന്ന തീരുമാനം ആഭ്യന്തര മന്ത്രാലയമാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹന്ത് നൃത്യഗോപാല്‍ ദാസ്

മഹന്ത് നൃത്യഗോപാല്‍ ദാസ് ബാബ്‍രി മസ്ജിദ് പൊളിച്ച കേസില്‍ പ്രതിയായിരുന്നെങ്കിലും അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അദ്ദേഹത്തെ രാജസ്ഥാന്‍ ഗവര്‍ണറാക്കിയിരുന്നെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ട്രസ്റ്റ് തലവനകാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹത്തിന്‍റെ അനുയായികളുടെ വാദം. മഹന്ത് നൃത്യഗോപാല്‍ ദാസുമായും മറ്റ് ഹിന്ദുനേതാക്കളുമായും നിലവിലെ ട്രസ്റ്റ് തലവന്‍ പരാശരന്‍ സംസാരിച്ചതായാണ് സൂചന.

മഹന്ത് നൃത്യഗോപാല്‍ ദാസിന് ചുമതലകള്‍ ഉടന്‍ കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹന്ത് നൃത്യഗോപാല്‍ ദാസിനെ തലവനാക്കുന്നതില്‍ മുസ്ലിം സംഘനടകളും അനുകൂലിച്ചു. മഹന്ത് നൃത്യഗോപാല്‍ ദാസ് അയോധ്യയിലെ ജനകീയ മുഖമാണെന്നാണ് ഇഖ്ബാല്‍ അന്‍സാരിയടക്കമുള്ളവരുടെ വാദം. മഹന്ത് നൃത്യഗോപാല്‍ ദാസിനെ ഉള്‍പ്പെടുത്താതെ ട്രസ്റ്റ് പൂര്‍ണമാകില്ലെന്നും അഭിപ്രായമുണ്ട്.