ദില്ലി: നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ഇരിക്കുന്ന എൻഎസ് യു ദേശീയ അധ്യക്ഷൻ നീരജ് കുന്ദനെ ആശുപത്രിയിലേക്ക് മാറ്റി. ആർഎംഎൽ ആശുപത്രിയിലേക്കാണ് നീരജിനെ മാറ്റിയിരിക്കുന്നത്. ദില്ലി പൊലീസ് സംഘം സത്യഗ്രഹ പന്തലിൽ  എത്തിയാണ് നടപടി സ്വീകരിച്ചത്.

ബലമായി സമരക്കാരെ പൊലീസ് ആശുപത്രിയിലാക്കിയെന്നാണ് എൻഎസ്‍യു ആരോപിക്കുന്നത്. സമരം അവസാനിപ്പിക്കാൻ പൊലീസ് ബലപ്രയോഗം നടത്തിയെന്നും എൻഎസ്‍യു ആരോപിച്ചു. എന്നാല്‍, നീരജിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം.

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാമാരി പടരുന്നുവെന്ന കാരണത്താൽ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തിൽ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമായി ഏഴ് സംസ്ഥാനങ്ങളുടെ സംയുക്തി ഹര്‍ജി കോടതിയില്‍ എത്തിയിരുന്നു.  

കോൺഗ്രസ് ഭരിക്കുന്നതടക്കം ഏഴ് സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെ പേരിൽ സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പശ്ചിമബംഗാൾ സർക്കാരും ഈ അണിയിൽ ചേരുന്നു. കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങൾ, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവയും, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമാണ് കോടതിയിലെത്തിയിരിക്കുന്നത്. 

ഈ വിഷയത്തിലാണ് എന്‍എസ്‍യു സത്യഗ്രഹ സമരം നടത്തിയിരുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ സെപ്റ്റംബർ1 മുതൽ 6 വരെയും നടക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണം. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നാണ്.