Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സീൻ്റെ കരുതൽ ഡോസിനായുള്ള ഇടവേള ആറുമാസമായി കുറയ്ക്കാൻ ശുപാർശ

നേരത്തെ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക് കൊവിഡ് മുൻകരുതൽ ഡോസ് മൂന്ന് മാസത്തെ ഇടവേളയിൽ സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. 

NTAGI recommends reducing gap between second Dose and precaution dose
Author
Delhi, First Published Jun 17, 2022, 11:32 AM IST

ദില്ലി: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസിനും കരുതൽ ഡോസിനും  ഇടയിലെ ഇടവേള ആറുമാസം ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ വാക്സിനേഷനായുള്ള ഉപദേശക സമിതി ശുപാർശ ചെയ്തു . നിലവിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷമാണ് കരുതൽ ഡോസ് നൽകുന്നത്. ഈ ഇടവേള ആറ് മാസമായി കുറയ്ക്കാനാണ് ശുപാർശ. ഇക്കാര്യത്തിൽ ജൂണ് 29-ന് ചേരുന്ന വിദഗ്ദ്ധസമിതി അന്തിമ തീരുമാനമെടുക്കും.  നേരത്തെ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടവർക്ക് കൊവിഡ് മുൻകരുതൽ ഡോസ് മൂന്ന് മാസത്തെ ഇടവേളയിൽ സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. 

18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കരുതൽ ഡോസ് വാക്സീൻ എടുക്കാൻ അനുമതിയുണ്ടെങ്കിലും ജനങ്ങൾ ഇക്കാര്യത്തിൽ വേണ്ട താത്പര്യം കാണിക്കുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതോടെയാണ് കരുതൽ ഡോസിൻ്റെ ഇടവേള കുറയ്ക്കുന്നതിൽ ചർച്ചകൾ സജീവമായത്. നാലാം തരംഗം എന്നു പറയാനാവില്ലെങ്കിലും രാജ്യത്തെ കൊവിഡ് കേസുകളിൽ ഇപ്പോൾ കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ഇന്നും ഇന്നലെയും പ്രതിദിന കൊവിഡ് കേസുകൾ പന്ത്രണ്ടായിരത്തിന് മുകളിലായിരുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് വാക്സീനേഷൻ സജീവമായി നിർത്തേണ്ടത് അനിവാര്യമാണെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്ത് ഇന്ന് 12,847 കൊവിഡ് കേസുകൾ 

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,847 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ ഇന്ത്യയിലെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം  4,32,70,577 ആയി എത്തിച്ചു. നിലവിൽ രാജ്യത്ത് 63,063 ആക്ടീവ് കൊവിഡ് കേസുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 14 പുതിയ കൊവിഡ് മരണങ്ങൾ കൂടി ഉണ്ടായതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,817 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,985 പേർ രോഗമുക്തി നേടി ആകെ രോഗമുക്തരുടെ എണ്ണം 4,26,82,697 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനവുമാണ്. ദേശീയ രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്. ഇന്ത്യയിലുടനീളം നൽകിയ 195.67  കോടി കൊവിഡ് വാക്സീൻ നൽകിയിട്ടുണ്ട്. 

അതേസമയം കൊവിഡ് കേസുകളിലുണ്ടായ വർധന നാലാം തരംഗത്തിൻ്റെ സൂചനയായി കാണാനാവില്ലെന്നാണ് ഇപ്പോഴും ഐസിഎംആറിൻ്റെ നിലപാട്. അതേസമയം കൊവിഡ് കേസുകളിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കരുതൽ ഡോസ് വാക്സീനേഷൻ തുടരാൻ ആണ് ആഹ്വാനം. 

കൊവിഡ് കേസുകളിലെ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നലെ മുതൽ ആറ് ദിവസത്തേക്ക് പ്രത്യേക കരുതൽ ഡോസ് വാക്സീൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതൽ ഡോസ് വാക്സീൻ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികൾക്കും വീട്ടുപരിചരത്തിലുള്ള രോഗികൾക്കും യജ്ഞത്തിൻ്റെ ഭാഗമായി വീട്ടിലെത്തി വാക്സീൻ നൽകും. 

Follow Us:
Download App:
  • android
  • ios