Asianet News MalayalamAsianet News Malayalam

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 3.3 ലക്ഷം; പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

രാവിലെ 9 മണിക്ക് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. വാക്സീൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തുടർ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും

number of covid victims per day may still exceed three lakh pm convened a high level meeting today
Author
Delhi, First Published Apr 23, 2021, 6:41 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗങ്ങൾ ചേരും. രാവിലെ 9 മണിക്ക് കൊവിഡ് പൊതു സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, പത്ത് മണിക്ക് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. വാക്സീൻ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾക്കൊപ്പം തുടർ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. 12 മണിക്ക് ഓകസിജൻ നിർമ്മാണ കമ്പനി മേധാവികളേയും മോദി കാണും.

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശങ്ങൾ വിലയിരുത്തും. .അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 3.3 ലക്ഷമായി. തുടർച്ചയായ മൂന്നാം ദിവസവും മരണം രണ്ടായിരം കടക്കുമെന്നാണ് അനൗദ്യോഗിക കണക്കുകൾ.

അതിനിടെ, രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഓക്സിജന്‍ വിതരണം, വാക്സിന്‍ നയം, മരുന്നുകളുടെ വിതരണം, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയ കേസെടുത്തത്.ഓക്സിജന്‍ വിതരണത്തിലേയും വാക്സിനേഷനിലെയും ദേശീയ രൂപരേഖ കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും.വിവിധ ഹൈക്കോടതികള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും എല്ലാ കേസുകളും സുപ്രീംകോടതിക്ക് വിടണമെന്നും കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിനെതിരെ ബാർ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ കേരളത്തിൽ ലോക്ക്ഡൗണും, നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മെയ്‌ ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി അർദ്ധ രാത്രി വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തണം എന്നവശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകൻ ആയ അഡ്വ. വിനോദ് മാത്യു വിൽസൺ ആണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ.എസ്.ഗണപതിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികളിൽ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios