ദില്ലിയിലെത്തിയാണ് കന്യാസ്ത്രീകൾ കൂടിക്കാഴ്ച്ച നടത്തിയത്
ദില്ലി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കണ്ടു. ദില്ലിയിലെത്തിയാണ് കന്യാസ്ത്രീകൾ കൂടിക്കാഴ്ച്ച നടത്തിയത്. ജാമ്യം ലഭിക്കാന്‍ സഹായിച്ചതിന് നന്ദി പറയാനാണ് എത്തിയതെന്നും കേസ് പിന്‍വലിക്കാൻ ഇടപെടണം എന്ന് അഭ്യര്‍ഥിച്ചെന്നും സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജു മാളിയേക്കല്‍ പ്രതികരിച്ചു.
സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരാണ് ബന്ധുക്കള്‍ക്കൊപ്പം ദില്ലിയിൽ രാജീവ് ചന്ദ്രശേഖറിന്‍റെ വസതിയില്‍ എത്തിയത്. കന്യാസ്ത്രീകൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ രാജീവ് ചന്ദ്രശേഖർ നേരത്തെ ദുർഗ് ജയിലിലെത്തിയിരുന്നു. കേസിൽ നിലവിൽ ജാമ്യം മാത്രമാണ് കന്യാസ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. എഫ്ഐആർ അടക്കം റദ്ദാക്കുന്നതിലെ നിയമനടപടി എങ്ങനെയെന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. കേസ് റദ്ദാക്കാൻ ഇടപെടൽ ആവശ്യപ്പെട്ടെന്ന് സിസ്റ്റര്‍ പ്രീതിയുടെ സഹോദരന്‍ ബൈജു മാളിയേക്കല്‍ പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന ഘടകം എല്ലാ സഹായവും നല്‍കുമെന്നും ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമാണ് ഉള്ളതെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവ് അനൂപ് ആന്‍റണി പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കേരള ബിജെപി പറയുമ്പോഴും നിരാപരാധിത്വം കോടതിയിൽ തെളിയിക്കട്ടെ എന്ന നിലപാടാണ് ഛത്തീസ്ഗഡ് ബിജെപിക്ക്. മാത്രമല്ല ബജരംഗ്ദൾ പ്രവർത്തകർക്കെതിരെ പെൺകുട്ടികൾ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. ദുർഗിലെ സംഭവങ്ങൾക്ക് ശേഷം റായ്പൂരിലും ഒഡീഷയിലും ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ വീണ്ടും അതിക്രമം നടന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

