ദില്ലി: സത്യപ്രതിജ്ഞ ചടങ്ങിനിടെ സിന്ദൂരവും വളയും ധരിച്ചെത്തിയതിന്‍റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്‍. താന്‍ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും മതത്തിന്‍റെയും ജാതിയുടെയും അതിരുകള്‍ക്ക് അപ്പുറമാണ് ഇന്ത്യയെന്നും നുസ്രത്ത് പറഞ്ഞു.

ട്വിറ്ററിലൂടെയാണ് നുസ്രത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും നുസ്രത്ത് കുറിച്ചു. 'മുസ്ലീം മത വിശ്വാസിയാണെങ്കിലും ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാന്‍ എന്ത് ധരിക്കണമെന്നതില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. വസ്ത്രധാരണത്തിന് അപ്പുറമാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും പ്രമാണങ്ങളില്‍ വിശ്വസിക്കുന്നതും അത് പ്രാവര്‍ത്തികമാക്കുന്നതുമാണ് യഥാര്‍ത്ഥ വിശ്വാസം'- നുസ്രത്ത് ട്വീറ്റ് ചെയ്തു.

നുസ്രത്ത് ജഹാന് പിന്തുണയുമായി തൃണമൂല്‍ എം പി മിമി ചക്രവര്‍ത്തിയും ട്വീറ്റ് ചെയ്തു. ഇന്ത്യക്കാര്‍ എന്നുള്ളത് മാത്രമാണ് തങ്ങളുടെ വ്യക്തിത്വം എന്ന് മിമി കുറിച്ചു. എന്നാല്‍ നുസ്രത്ത് ഹിന്ദു മതത്തിലേക്ക് ചേര്‍ന്നെന്നും ഹിന്ദു മതത്തില്‍ സുരക്ഷിതയായിരിക്കുമെന്ന് അവര്‍ക്ക് മനസ്സിലായത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞു. 

ബിസിനസുകാരനായ നിഖിൽ ജെയ്നുമായുള്ള വിവാഹത്തിന് ശേഷം ജൂണ്‍ 25-നാണ് നുസ്രത്ത് സത്യപ്രതിജ്ഞ ചെയ്തത്. തുടർച്ചയായി പുറത്തിറങ്ങുകയും വാർത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോൾ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്‍റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞിരുന്നു.