ഒഡീഷയിലേക്കുള്ള ഫോനി ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിക്കാന്‍ ഒഡീഷ ഭവന്‍ വിമുഖത കാട്ടിയപ്പോള്‍ കേരളാ ഭവന്‍ തുറന്നു നല്‍കി അധികൃതര്‍. 

മുംബൈ: ഒഡീഷയിലേക്കുള്ള ഫോനി ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിക്കാന്‍ ഒഡീഷ ഭവന്‍ വിമുഖത കാട്ടിയപ്പോള്‍ കേരളാ ഭവന്‍ തുറന്നു നല്‍കി അധികൃതര്‍. ഒഡീഷയില്‍ ആ‌ഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചിരുന്നു. ഇതിന്‍റെ ഭാക്കിപത്രമായി ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സാധന സാമഗ്രികള്‍ ശേഖരിക്കാനായാണ് നവി മുംബൈയിലെ ഒഡീഷ ഭവന്‍ തുറന്നു നല്‍കാന്‍ ഒഡീഷയില്‍ നിന്നുള്ള 61 അംഗ സന്നദ്ധ പ്രവര്‍ത്തകര്‍ അനുമതി തേടിയത്.

എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഇത് നിഷേധിച്ചതോടെയാണ് തുറന്ന മനസുമായി കേരള ഭവന്‍ എത്തിയത്. ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ കേരളാ ഭവന്‍റെ ഒരു ഭാഗം തുറന്നു നല്‍കിയതായി ദ ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയാളികള്‍ ഒഡീഷയിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്നും സാധനങ്ങള്‍ ശേഖരിക്കാന്‍ കേരളാ ഭവന്‍ തുറന്നു നല്‍കിയെന്നും മാനേജര്‍ രാജീവ് ഗോപിനാഥ് പറയുന്നു. 

ദുരിതാശ്വാസത്തിനുള്ള സഹായങ്ങള്‍ ശേഖരിക്കാന്‍ കേരളാ ഭവന് നേരിട്ട് സാധിക്കില്ലെന്നതിനാല്‍ ഒഡീഷയിലെ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ കേരളാ ഭവനില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഡീഷ ഗവണ്‍മെന്‍റിന്‍റെ പ്രത്യേക അനുമതിയില്ലാതെ ഒഡീഷ ഭവന്‍ തുറന്ന് നല്‍കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. അതിന് ആഗ്രഹമുണ്ടെങ്കിലും ചെയ്യാന്‍ പരിമിതികളുണ്ടെന്നും എല്ലാവരും ഒഡീഷയിലെ ദുരിതബാധിതരെ സഹായിക്കണമെന്നും ഒഡീഷ ഭവന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

മലയാളികളില്‍ നിന്ന് വലിയ സഹകരണം ലഭിക്കുന്നുണ്ടെന്നും നിരവധി സാധനങ്ങള്‍ കളക്ഷന്‍ പോയിന്‍റിലേക്ക് എത്തുന്നുണ്ടെന്നും ഒഡീഷയ്ക്ക് എല്ലാവരുടെ സഹായം ആവശ്യമാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.