ഭുവനേശ്വർ: വിവാഹ ആവശ്യങ്ങൾക്കായി കരുതി വച്ചിരുന്ന പണം കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വധൂവരന്മാർ. ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലാണ് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന വിവാഹം നടന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വരൂക്കൂട്ടിയ പണത്തിൽ നിന്ന് ഒരു തുകയാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 

സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ജഗത്സിംഗ്പൂരിലെ എറസാമ ബ്ലോക്കിലെ താമസക്കാരനായ ജ്യോതി രഞ്ജൻ സ്വെയ്നിന്റെ വിവാഹം. വിവാഹത്തിനായി രണ്ട് കുടുംബങ്ങളും വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ, ഈ പ്രതിസന്ധി ഘട്ടത്തിൽ ആഘോഷങ്ങൽ ഉപേക്ഷിക്കാൻ വധൂവരന്മാർ തീരുമാനിക്കുകയും ദുരിതാശ്വാസ നിധിയിലേക്ക്  10,000 രൂപ സംഭാവന നൽകുകയുമായിരുന്നു.

"ഞങ്ങൾ നേരത്തെ വിപുലമായ ചടങ്ങ് ക്രമീകരിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ ഞങ്ങളുടെ പദ്ധതികളെ മന്ദീഭവിപ്പിച്ചു. കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ സഹായിക്കുന്നതിന് വിവാഹത്തിനായി കരുതിയ പണത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു"രഞ്ജൻ സ്വെയ്ൻ പറയുന്നു. സാമൂഹിക അകലം പാലിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നും രഞ്ജൻ സ്വെയ്ൻ കൂട്ടിച്ചേർത്തു.

മാതാപിതാക്കൾക്ക് പുറമെ എറാസാമ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറും (ബിഡിഒ) വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങിനെ തുടർന്ന് ദമ്പതികൾ ചെക്ക് കൈമാറിയതായി എറസാമ ബിഡിഒ കാർത്തിക് ചന്ദ്ര ബെഹെറ പറഞ്ഞു.