ഒഡിഷയിലെ ജാജ്പുരിൽ 'കട്ടക്ക് ദഹിബര' എന്ന പലഹാരം കഴിച്ച് കുട്ടികളടക്കം 58 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിക്കുകയും പലഹാരത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

ഭുവനേശ്വർ: ഒഡിഷയിലെ ജാജ്പുരിൽ റോഡരികിലെ വിൽപ്പനക്കാരനിൽ നിന്ന് ‘കട്ടക്ക് ദഹിബര’ എന്ന പലഹാരം കഴിച്ച 58 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ ദഹിബര കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളത്. പലഹാരം കഴിച്ചതിന് പിന്നാലെ പലർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രികളിലേക്ക് എത്തിച്ചു. ആരോഗ്യനിലയിൽ പുരോഗതി കാണാത്തതിനാൽ 52 പേരെ ആംബുലൻസിൽ ജാജ്പൂരിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. എല്ലാവർക്കും ചികിത്സ ലഭ്യമാക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച 52 പേരിൽ 25 പേർ കുട്ടികളും 27 പേർ മുതിർന്നവരുമാണ്. ബാക്കിയുള്ള 6 പേർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭക്ഷ്യവിഷബാധയേറ്റവർ അപകട നില തരണം ചെയ്തുവെന്നും ചിലർക്ക് ചെറിയ പനി ഉള്ളതായും ജാജ്പൂർ ചീഫ് ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ബിജോയ് കുമാർ മിശ്ര അറിയിച്ചു. ഇതിനിടെ, ചികിത്സയ്ക്ക് ശേഷം 21 പേരെ ഡിസ്ചാർജ് ചെയ്തതായി ജില്ലാ കളക്ടർ അംബാർ കുമാർ കാർ അറിയിച്ചു. ഒഡിഷ ആരോഗ്യ മന്ത്രി മുഖേഷ് മഹാലിംഗും ജാജ്പൂർ എംപി ഡോ. രബീന്ദ്ര കുമാർ ബെഹറയും ആശുപത്രി സന്ദർശിച്ച് രോഗികളുമായി സംസാരിച്ചു. ചികിത്സ കാര്യക്ഷമമായി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദഹിബരയുടെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്.