ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് 7.29 ലക്ഷം രൂപയും വാടകഫ്ളാറ്റിൽനിന്ന് 14.60 ലക്ഷം രൂപയും കണ്ടെടുത്തു. പരിശോധനയിൽ ഇതുവരെ ആകെ 21.89 ലക്ഷം രൂപയാണ് പിടിച്ചെടുത്തതെന്നും ഇയാളുടെ സ്വദേശത്തുള്ള വീട്ടിൽ പരിശോധന തുടരുകയാണെന്നും വിജിലൻസ് പറഞ്ഞു.

ഭുവനേശ്വർ: ഒഡിഷയിലെ സർക്കാർ എൻജിനീയർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ. സംസ്ഥാന ജലവിഭവ വകുപ്പിലെ സൂപ്രണ്ടിങ് എൻജിനീയറായ പ്രസൻജിത്ത് ദാസി(34)നെയാണ് വിജിലൻസ് സംഘം പിന്തുടർന്ന് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് 7.29 ലക്ഷം രൂപയും വാടകഫ്ളാറ്റിൽനിന്ന് 14.60 ലക്ഷം രൂപയും കണ്ടെടുത്തു. പരിശോധനയിൽ ഇതുവരെ ആകെ 21.89 ലക്ഷം രൂപയാണ് പിടിച്ചെടുത്തതെന്നും ഇയാളുടെ സ്വദേശത്തുള്ള വീട്ടിൽ പരിശോധന തുടരുകയാണെന്നും വിജിലൻസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് യുവ എൻജിനീയറെ വിജിലൻസ് സംഘം പിന്തുടർന്ന് പിടികൂടിയത്. കടക മഹാനദി നോർത്ത് ഡിവിഷനിൽ സൂപ്രണ്ടിങ് എൻജിനീയറായ പ്രസൻജിത്ത് ദാസ് കരാറുകാരിൽനിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയും പതിവുപോലെ കൈക്കൂലി വാങ്ങാനായി ഇയാൾ കരാറുകാരെ സർക്കാർ ഐബികളിലേക്ക് വിളിച്ചുവരുത്തി. ഇതനുസരിച്ച് വിജിലൻസ് സംഘം പ്രതിയെ പിന്തുടർന്നെത്തിയെങ്കിലും വിജിലൻസ് സംഘം എത്തിയപ്പോഴേക്കും ഇയാൾ മറ്റൊരിടത്തേക്ക് പോയി. തുടർന്ന് ഭുവനേശ്വറിലെ സർക്കാർ ഐബിയിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാനായാണ് പ്രതി പോയത്. ഇതേക്കുറിച്ച് വിവരം കിട്ടിയ വിജിലൻസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് രണ്ട് ഉദ്യോ​ഗസ്ഥർ മഫ്തിയിൽ പാർട്ടി നടക്കുന്ന സ്ഥലത്തെത്തി. പാർട്ടിയിൽ പ്രതിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വിവരം കൈമാറി. പിന്നാലെ മറ്റൊരു കരാറുകാരനിൽനിന്ന് പണം വാങ്ങാനായി പ്രതി ഐബിയിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

25,000 രൂപ മാസശമ്പളത്തിൽ 2016-ൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറായാണ് പ്രസൻജിത്ത് ദാസ് സർവീസിൽ പ്രവേശിച്ചത്. പിന്നീട് എക്സിക്യൂട്ടിവ് എൻജിനീയറായും സൂപ്രണ്ടിങ് എൻജിനീയറായും പ്രൊമോഷൻ ലഭിക്കുകയായിരുന്നു.