സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി നീല നിറത്തിലുള്ള ഡ്രമ്മിലാക്കി കോൺക്രീറ്റും മണലും ഇട്ട് മൂടിയെന്നാണ് കേസ്. മൃതദേഹം ഒളിപ്പിച്ച നീല ഡ്രമ്മാണ് കേസിൽ പ്രധാന തെളിവായി മാറിയത്. 2025 മാർച്ച് മൂന്നാം തീയതിയായിരുന്നു സംഭവം. സൗരഭിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു മസ്കന്റെയും കാമുകനായ സാഹിൽ ശുക്ലയുടെയും പദ്ധതി.
മീററ്റ്: രാജ്യത്തെ നടുക്കിയ മീററ്റിലെ 'ബ്ലൂ ഡ്രം' കൊലക്കേസിൽ പ്രതികൾക്ക് വധശിക്ഷ. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മസ്കൻ റസ്തോഗി, കാമുകൻ സാഹിൽ ശുക്ല എന്നിവർക്ക് വധശിക്ഷ വിധിച്ചത്. മീറ്ററിലെ ജില്ലാ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്.
സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി നീല നിറത്തിലുള്ള ഡ്രമ്മിലാക്കി കോൺക്രീറ്റും മണലും ഇട്ട് മൂടിയെന്നാണ് കേസ്. മൃതദേഹം ഒളിപ്പിച്ച നീല ഡ്രമ്മാണ് കേസിൽ പ്രധാന തെളിവായി മാറിയത്. 2025 മാർച്ച് മൂന്നാം തീയതിയായിരുന്നു സംഭവം.
സൗരഭിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു മസ്കന്റെയും കാമുകനായ സാഹിൽ ശുക്ലയുടെയും പദ്ധതി. ഇതിനായാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവദിവസം സൗരഭിന് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. ഇതിനുപിന്നാലെ സാഹിൽ ശുക്ലയും സൗരഭിന്റെ വീട്ടിലെത്തി. തുടർന്ന് മസ്കനും സാഹിൽ ശുക്ലയും ചേർന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം കുളിമുറിയിൽവെച്ച് മൃതദേഹം വെട്ടിനുറുക്കി. മൃതദേഹഭാഗങ്ങൾ നീല ഡ്രമ്മിലാക്കി. തുടർന്നാണ് കോൺക്രീറ്റ് ചെയ്ത് ഡ്രം അടച്ചത്.
കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഹിമാചൽ പ്രദേശിലേക്ക് കടന്നു. ഈ സമയം സൗരഭിന്റെ ഫോണിൽനിന്ന് മസ്കൻ ബന്ധുക്കൾക്ക് സന്ദേശം അയച്ചുകൊണ്ടിരുന്നു. സൗരഭാണെന്ന വ്യാജേനയാണ് ഭാര്യ ബന്ധുക്കൾക്ക് സന്ദേശം അയച്ചത്. സൗരഭ് ഒരു യാത്രയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയുംചെയ്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ ബന്ധുക്കൾ സംശയമായി. തുടർന്ന് മാർച്ച് 17-ാം തീയതി ബന്ധുക്കൾ വീട്ടിലെത്തി അന്വേഷണം നടത്തി. ഇതിനിടെയാണ് സൗരഭിന്റെയും മസ്കന്റെയും ആറുവയസ്സുള്ള മകൾ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. പപ്പ നീല ഡ്രമ്മിലുണ്ടെന്നായിരുന്നു കുട്ടി വീട്ടിലെത്തിയവരോട് പറഞ്ഞത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നീല ഡ്രം തുറന്നതോടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിനുപിന്നാലെ ഷിംലയിലെ ഒരു ഹോട്ടലിൽനിന്ന് പ്രതികളെ പിടികൂടുകയുംചെയ്തു.


