Asianet News MalayalamAsianet News Malayalam

ആഞ്ഞടിച്ച ചുഴലിക്കാറ്റിനിടെ ജനനം; കുഞ്ഞിന് 'ഫോനി' എന്ന് പേര് നൽകി മാതാപിതാക്കൾ

ഭുവനേശ്വറിലെ റെയിൽവേയുടെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് റെയിൽവേ ജീവനക്കാരി പെൺകുഞ്ഞിന് ജന്മം നൽകിയത്

odisha newborn named cyclone fani in bhubaneswar
Author
Bhubaneswar, First Published May 3, 2019, 4:56 PM IST

ഭുവനേശ്വർ: ഒഡീഷയിൽ ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് 'ഫോനി' എന്ന് പേര് നൽകി മാതാപിതാക്കൾ. ഭുവനേശ്വറിലെ റെയിൽവേയുടെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് റെയിൽവേ ജീവനക്കാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നവജാത ശിശുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപമായി പ്രചരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഡോക്ടർമ്മാർക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. കുഞ്ഞിന് എല്ലാ വിധ നന്മകളും നേർന്നുകൊണ്ട് നിരവധി പേരാണ് ട്വിറ്ററിലൂടെ രം​ഗത്തെത്തിയിരിക്കുന്നത്. 

240 കിലോമീറ്റര്‍ വേ​ഗതയിലാണ് ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഒഡീഷന്‍ തീരത്തടിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷ തീരത്ത് വെള്ളപ്പൊക്കം ഉണ്ടായി. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിൽ ഒഡീഷയിൽ മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു. ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം. അവിടെ നിന്നും തീവ്രത കുറഞ്ഞ് കാറ്റ്  ബംഗ്ലാദേശിലേക്ക് കടക്കും. അവിടെ നിന്നും അസം വഴി വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിക്കും. അസം എത്തുമ്പോഴേക്കും കാറ്റ് ന്യൂനമര്‍ദ്ദമായി മാറും. കര തൊടുന്നതോടെ കാറ്റിന്‍റെ തീവ്രത കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ചുഴലിക്കൊടുങ്കാറ്റിന്‍റെ വരവ് കണക്കിലെടുത്ത് ഭുവനേശ്വര്‍ വിമാനത്താവളം ഇന്നലെ തന്നെ അടിച്ചിട്ടിരുന്നു. ചുഴലിക്കാറ്റ് ഒഡീഷന്‍ തീരത്ത് എത്തിയതോടെ കൊല്‍ക്കത്ത വിമാനത്താവളവും ഇന്ന് അടച്ചിട്ടു. കൊല്‍ക്കത്തയില്‍ നിന്നുള്ള 200 ഓളം വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കി കഴിഞ്ഞു. കിഴക്കന്‍- പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള 250-ഓളം തീവണ്ടികള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഫലത്തില്‍ കിഴക്കന്‍ മേഖല ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. 
 

Follow Us:
Download App:
  • android
  • ios