Asianet News MalayalamAsianet News Malayalam

ഒഡിഷ ട്രെയിൻ ദുരന്തം: മരണസംഖ്യ വീണ്ടും ഉയർന്നു, 288 ആയി; ആയിരത്തിലേറെ പേർക്ക് പരിക്ക്

തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ ദക്ഷിണ-പൂർവ റെയിൽവെ പുറത്തുവിട്ടു

Odisha train mishap death toll rises more than 1000 injured kgn
Author
First Published Jun 3, 2023, 6:39 PM IST

ഭുവനേശ്വർ: രാജ്യത്തെ തീരാദുഖത്തിലേക്ക് തള്ളിയിട്ട ഒഡിഷ ട്രെയിൻ അപകടത്തിൽ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മരണം 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ടെന്നും ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്നും റെയിൽവെ അറിയിക്കുന്നു. ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട് 6.55നാണ് കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി. ഇന്ന് ഉച്ചയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദർശിച്ചു. ദുരന്തത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More: ഒഡിഷ ട്രെയിൻ അപകടം: മൃതദേഹങ്ങൾ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്ന വീഡിയോ പങ്കുവെച്ച് ബിവി ശ്രീനിവാസ്

തകർന്ന ബോഗികൾക്കുള്ളിൽ നിന്നും ഏറെ ശ്രമപ്പെട്ടാണ് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്. പല മൃതദേഹവും തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ ദക്ഷിണ-പൂർവ റെയിൽവെ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനിടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട എസ്എംവിടി - ഹൗറ എക്സ്പ്രസിൽ ഉണ്ടായിരുന്ന 33 യാത്രക്കാരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ഉള്ളതെന്നും ഇവരെല്ലാം ജനറൽ ബോഗിയിൽ ഉള്ളവർ ആണെന്നുമാണ് റെയിൽവേ സ്ഥിരീകരിക്കുന്നത്. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. പരിക്ക്‌ പറ്റിയവരിലോ മരിച്ചവരിലോ കർണാടക സ്വദേശികൾ ഇല്ലെന്നും റെയിൽവേ സ്ഥിരീകരിച്ചു.

Read More: ​​​​​​​ഒഡിഷ ട്രെയിന്‍ അപകടം; വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്ന് മോദി, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും

അപകട കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണെന്ന് റെയിൽവെ സ്ഥിരീകരിച്ചു. ഷാലിമാർ - ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അപകട സ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമാണിത്. മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടിയതാണ് അപകടത്തിന് കാരണമായത്. നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ആദ്യം ഇടിച്ചത്  കോറമണ്ഡൽ എക്സ്പ്രസാണെന്നും മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നും പരിശോധിച്ച ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചു. അപകടം നടക്കുമ്പോൾ 130 കിലോമീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്സ്പ്രസ് ചരക്കുവണ്ടിയിലേക്ക് ഇടിച്ചുകയറിയത്. ഈ കൂട്ടിയിടിയിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 22 ബോഗികളും പാളം തെറ്റി. കോറമണ്ഡൽ എക്സ്പ്രസിന്റെ 3 ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ട്രെയിനിലേക്ക് വീണതോടെ നേർവഴിയിൽ പോയ ഹൗറ സൂപ്പർഫാസ്റ്റും അപകടത്തിൽപെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios