കല്‍ബുര്‍ഗി: കനത്ത ജാഗ്രതയിലാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗി. മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി എന്ന 76 കാരനാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാളുടെ സംസ്‍കാര ചടങ്ങില്‍ പങ്കെടുത്ത 80 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാൻ വൈകിയ കൽബുർഗിയിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. മരിച്ച 76 കാരൻ രോഗലക്ഷണങ്ങളുമായി പത്തു ദിവസത്തോളം കൽബുർഗിയിലും ഹൈദരാബാദിലും കഴിഞ്ഞിരുന്നു. 

മൃതദേഹം സംസ്കരിക്കുന്നതിൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. കയ്യുറയും മാസ്കും ധരിക്കാത്തവരാണ് ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയത്. ഇവരുൾപ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി. പുറത്തുളളവർക്ക് പ്രവേശനം വിലക്കി, കൽബുർഗിയിലേക്കുളള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും പൂട്ടി.കൊവിഡ് സംശയത്തെത്തുടർന്ന് കൽബുർഗിയിൽ തുടരണമെന്ന നിർദേശം മറികടന്നാണ് ബന്ധുക്കൾ രോഗിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോയതെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....