കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. ഗുജറാത്തിലെ പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്

പോര്‍ബന്തര്‍: ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം. സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കപ്പലിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ല.

എന്നാൽ കപ്പലിന്റെ പ്രവര്‍ത്തനത്തെ ആക്രമണം സാരമായി ബാധിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കപ്പലിന് അടുത്തേക്ക് യാത്ര തിരിച്ചു. ഒരു നിരീക്ഷണ ഡ്രോണും ഇവിടേക്ക് അയച്ചതായി നാവിക സേന വ്യക്തമാക്കി. കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. ഗുജറാത്തിലെ പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 

Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്