വാഹനത്തിന് നേരെ കല്ലെറിയുകയും വടികൾ കൊണ്ട് ഗ്ലാസുകൾ അടിച്ചുപൊട്ടിക്കുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ മർദിക്കുകയും ചെയ്തു. 

പൽഗാർ: റോഡിലൂടെ നടന്നു പോവുകയായിരുന്ന 60 വയസുകാരി കാറിടിച്ച് മരിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ കാർ യാത്രക്കാരെ മ‍ർദിച്ചു. വാഹനം തല്ലി തകർക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തു. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. 

മഹാരാഷ്ട്രയിലെ പ‌ൽഗാർ ജില്ലയിലാണ് സംഭവം. വസായ് ഏരിയയിലെ സത്പാല - റജോദി റോഡിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരിയായ 60 വയസുകാരി ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ക്രീയ്ക്കൊപ്പം നടന്നുപോവുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. സമീപ ജില്ലക്കാരിയായ ഇവർ ജോലിക്കായി പ്രദേശത്ത് താമസിച്ചുവരികയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വൃദ്ധ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ സ്ഥലത്തേക്ക് കുതിച്ചെത്തി വാഹനത്തിന് നേരെ കല്ലെറിയുകയും വടികൾ കൊണ്ട് ഗ്ലാസുകൾ അടിച്ചുപൊട്ടിക്കുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ മർദിക്കുകയും ചെയ്തു. കാർ അടിച്ചു തകർക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് പൊലീസ് എത്തി രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണപ്പെട്ട വൃദ്ധയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...