പൂനെ: ഐസോലേഷൻ വാർഡിൽ പാർപ്പിച്ചിരുന്ന രോ​ഗി അവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്താനായി നടന്നു തീർത്തത് 17 കിലോമീറ്റർ. പൂനെയിലെ ബലേവാഡിയിലാണ് സംഭവം. എഴുപത് വയസ്സുള്ള രോ​ഗിയാണ് യാർവാദയിലെ വീട്ടിലേക്ക് നടന്നെത്തിയതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ക്വാറന്റൈൻ കേന്ദ്രത്തിൽ നല്ല ​ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളുമില്ല എന്ന് ഇയാളുടെ ആരോപണം. ശുചിമുറികളിൽ വൃത്തിയില്ലെന്നും ഇയാൾ പറയുന്നു. അവശനിലയിൽ വീടിന്റെ മുന്നിലിരിക്കുന്ന വൃദ്ധനെ അയൽവാസികളാണ് കണ്ടത്. ഇയാളുടെ വീട്ടിലെ അം​ഗങ്ങൾക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

അയൽക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. അധികൃതർ ആംബുലൻസുമായെത്തി ഇയാളെ തിരികെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. അതേസമയം ഇയാൾ രക്ഷപ്പെട്ട വിവരം അറിഞ്ഞില്ലെന്നാണ് ക്വാറന്റൈൻ കേന്ദ്രത്തിലെ അധികൃതർ നൽകിയ മറുപടി. ക്വാറന്റൈൻ കേന്ദ്രത്തിലെ പോരായ്മകളെക്കുറിച്ച് ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് യെർവാദ ഏരിയ കോർപറേറ്റർ പറഞ്ഞു. ഏപ്രില്‍ 25-നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ മകനും കൊവിഡ് 19 ബാധിച്ചിരിക്കുകയാണ്.