ശ്രീനഗർ: സൊപ്പോരിൽ സിആർപിഎഫ് സൈന്യത്തിൻ്റെ പെട്രോൾ വാഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു സിആർപിഎഫ് സൈനികൻ വീരചരമം പ്രാപിച്ചു. ഒരു പ്രദേശവാസിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. പട്രോളിംഗ് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശം വളഞ്ഞ സുരക്ഷാസേനകൾ തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണ്. 

സൊപ്പേരിൽ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ട പ്രദേശവാസിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. പേരക്കുഞ്ഞുമായി കടയിൽ സാധനം വാങ്ങാനെത്തിയ ആളാണ് ഇവിടെ തീവ്രവാദികളുടെ വെടിയേറ്റ കൊല്ലപ്പെട്ടത്. രണ്ട് വെടിയുണ്ടകളേറ്റ ഇയാൾ സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. മുത്തച്ഛൻ മരിച്ചതറിയാതെ മൂന്ന് വയസുള്ള കുഞ്ഞ് കരഞ്ഞു കൊണ്ട് അദ്ദേഹത്തെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൾ വലിയ ദുഖവും രോഷവും സൃഷ്ടിക്കുകയാണ്. വെടിവെപ്പ് തുടരുമ്പോഴും മരിച്ചു കിടക്കുന്ന മുത്തച്ഛനെ ഒട്ടിക്കിടന്ന കുരുന്നിനെ പിന്നീട് സൈന്യം അവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

നിയന്ത്രണരേഖയിൽ പാക്സൈന്യം തമ്പടിച്ചതിന് പിന്നാലെ രൗജരി സെക്ടറിലെ കേറിയിൽ നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളെ സൈന്യം തുരത്തിയോടിച്ചു. പുല‍ർച്ചെ 5.50-ഓടെയാണ് തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതി‍ർത്തത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇയാളിൽ നിന്നും ഒരു എകെ 47 തോക്കും വെടിയുണ്ടകളും കണ്ടെത്തി. 

സൊപ്പോരിലും രൗജരിയിലും ആക്രമണം നടന്നതിന് പിന്നാലെ ത്രാൽ സെക്ടറിലും തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായാണ് ഒടുവിൽ വന്ന വിവരം. ത്രാലിലെ ബിലാലബാദ് ഭാ​ഗത്താണ് ആക്രമണം നടക്കുന്നത്.