നീളന്‍ വടികളും മറ്റ് ആയുധങ്ങളുമായി രണ്ട് ചേരി തിരിഞ്ഞ് ആളുകള്‍ പരസ്പരം പോരാടുന്നത് വീഡിയോകളില്‍ കാണാം. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ വലിയ ആള്‍ക്കൂട്ടമാണ് പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടത്. 


മധ്യപ്രദേശ്: ശിവപുരിയില്‍ ഭൂമി തര്‍ക്കത്തില്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്ന ലാല്‍ സിങ്ങിനെ ആദ്യം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അവിടെ നിന്നും ഗ്വാളിയോറിലേക്ക് കൂടുതല്‍ ചികിത്സയ്ക്കായി വിട്ടയച്ചു. എന്നാല്‍ ഗ്വാളിയോറിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ മരിച്ചു. സംഘര്‍ഷത്തില്‍ ഏതാണ്ട് ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. രക്തരൂക്ഷിതമായ സംഘര്‍ഷത്തിന്‍റെ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

നീളന്‍ വടികളും മറ്റ് ആയുധങ്ങളുമായി രണ്ട് ചേരി തിരിഞ്ഞ് ആളുകള്‍ പരസ്പരം പോരാടുന്നത് വീഡിയോകളില്‍ കാണാം. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ വലിയ ആള്‍ക്കൂട്ടമാണ് പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടത്. നീളമുള്ള വണ്ടികൊണ്ടുള്ള അടിയേറ്റ് പ്രായമായവര്‍ താഴേ വീഴുമ്പോളും പര്സപരം അടിതുടരുകയാണ്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഷെർഗഢ് ഗ്രാമത്തിൽ വനഭൂമിയിൽ അനധികൃത കൃഷി നടത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അവസാനിച്ചത്. 

ലാൽ സിംഗ് ബാഗേല്‍ കൃഷിക്കായി എത്തിച്ച മൃഗങ്ങളെ ജിതു ഗുർജാർ എന്നയാള്‍ തന്‍റെ പ്രദേശത്തു കൂടി കടക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ലാൽ സിംഗ് ബാഗേലും ജിതു ഗുർജാറും തമ്മില്‍ വനഭൂമിയില്‍ കൃഷിയിറക്കുന്നതിനെ ചൊല്ലി നേരത്തെയും തര്‍ക്കമുണ്ടായിരുന്നു. ഇരുവരും വനഭൂമിയില്‍ കൃഷി ഇറക്കണമെന്ന പക്ഷക്കാരായിരുന്നെങ്കിലും ആരാണ് കൃഷി ചെയ്യേണ്ടതെന്ന തര്‍ക്കത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് ലാല്‍ സിംഗ് കന്നുകാലികളുമായി എത്തിയതും ജിതു ഗുര്‍ജാര്‍ ഇത് തടയുകയും ചെയ്തത്. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കം ഇരുവിഭാഗങ്ങളായി ചേരി തിരിഞ്ഞുള്ള കൂട്ടത്തല്ലിലേക്ക് വഴിമാറുകയായിരുന്നു. ലാല്‍ സിംഗിന്‍റെ മരണത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും പൊലീസ് സ്റ്റേഷന് മുന്നിലെത്തി അവിടെയും സംഘര്‍ഷം തുടര്‍ന്നു. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Scroll to load tweet…