പുലർച്ചെ 1.12ഓടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. 23കാരനായ യുവാവ് ഓടിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി.
ഹൈദരാബാദ്: ആശുപത്രിക്ക് മുന്നിലുള്ള ഫുട്‍പാത്തിൽ ഉറങ്ങി കിടക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് എസ്.യു.വി പാഞ്ഞുകയറി. ഒരാൾ മരിച്ചു. അടുത്തുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ബൻജറ ഹില്ലിലെ ഇൻഡോ അമേരിക്കൻ ക്യാൻസർ ആശുപത്രിക്ക് മുന്നിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
23 വയസുകാരനായ സങ്കേത് ശ്രീനിവാസ് എന്നയാൾ ഓടിച്ചിരുന്ന വാഹനമാണ് നിയന്ത്രണംവിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഫോട്ടോഗ്രാഫറായ ഇയാൾ പുലർച്ചെ 1.12നാണ് വാഹനം ഓടിച്ച് ഇൻഡോ അമേരിക്കൻ ക്യാൻസർ ആശുപത്രിക്ക് മുന്നിൽ എത്തിയത്. നിയന്ത്രണം നഷ്ടമായ വാഹനം റോഡിൽ നിന്ന് ഫുട്‍പാത്തിലേക്ക് കയറി. ആശുപത്രിക്ക് മുന്നിലെ ഫുട്‍പാത്തിൽ കിടന്നുറങ്ങുകയായിരുന്നവരെ ഇടിച്ചിടുകയായിരുന്നു. ശേഷം അടുത്തുള്ള കോൺക്രീറ്റ് മതിലിലേക്കും വാഹനം ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ 45 വയസുകാരൻ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
