അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.
ഹൈദരാബാദ് : അഗ്നിപഥ് സ്കീമിനെതിരെ സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ഉദ്യോഗാർത്ഥികൾക്ക് ആർമി ട്രെയിനിംഗ് നൽകുന്ന സെൻററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ റെയിൽവേ പൊലീസ് ഫോഴ്സിന് കൈമാറും. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.
ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം. സൈന്യത്തിലേക്കുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് തയാറെടുത്തിരുന്ന ഉദ്യോഗാര്‍ത്ഥികളാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. അഗ്നിപഥ് നടപ്പായാല്‍ ജോലി ലഭിച്ചേക്കില്ലെന്ന് ഗ്രൂപ്പുകളിലൂടെ സന്ദേശം പ്രചരിച്ചിരുന്നു. അവകാശപ്പെട്ട ജോലി ലഭിക്കാനായി പ്രതിഷേധിക്കണമെന്ന ആഹ്വാനം വാട്ട്സാപ്പിലൂടെ നടന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ സംഘടിച്ച് സെക്കന്തരാബാദ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. നൂറിലധികം പൊലീസുകാരുണ്ടായിരുന്നെങ്കിലും ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗെയ്റ്റുകളിലൂടെ പാഞ്ഞ് എത്തിയതിനാല്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വോ പൊലീസിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഗ്നിപഥ് തീക്കളി, സേനാമേധാവികളുടെ യോഗം വിളിച്ച് രാജ്‍നാഥ് സിംഗ്, തണുപ്പിക്കുമോ സംവരണം?
പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 20 കോടിയുടെ നാശനഷ്ടമുണ്ടായി. പൊലീസ് വെടിവയ്പ്പില്‍ മരിച്ച വാറങ്കല്‍ സ്വദേശിയും 24 കാരനുമായ രാകേഷും സൗന്യത്തില്‍ ചേരാനുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ചിരുന്നു. രാകേഷിന്‍റെ വിലാപയാത്രയ്ക്കിടെ സെക്കന്തരാബാദ് ബിഎസ്എന്‍എല്‍ ഓഫീസിന് നേരെ ആക്രമണ ശ്രമമുണ്ടായി. വിലാപയാത്രയില്‍ പങ്കെടുത്ത ടിആര്‍എസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മറ്റ് അനിഷ്ട സംഭവങ്ങള്‍ തെലങ്കാനയില്‍ ഉണ്ടായിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് പിന്നില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണമെന്നും തെലങ്കാന ബിജെപി ആവശ്യപ്പെട്ടു. ചെന്നൈയില്‍ രാജ്ഭവന് മുന്നിലും യുവാക്കള്‍ പ്രതിഷേധിക്കാന്‍ സംഘടിച്ചെങ്കിലും പൊലീസ് എത്തി ഇവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു.
