തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ ഒരു എംഎൽഎ കൂടി രാജിവെച്ചു. കരൂരിൽ നിന്നുള്ള എം ആർ വിജയഭാസ്കർ ആണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. വൈകാതെ ടിവികെയിൽ ചേർന്നേക്കുമെന്ന സൂചനയുണ്ട്.
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. മുൻ മന്ത്രിയും കരൂർ എംഎൽഎയുമായ എം ആർ വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർ ജെ സി ഡി പ്രഭാകറിന് രാജിക്കത്ത് കൈമാറി. ഇക്കാര്യം സ്പീക്കർ സ്ഥിരീകരിച്ചു. അണ്ണാ ഡിഎംകെയിൽനിന്ന് രാജിവെക്കുന്ന ആറാമത്തെ എംഎൽഎയാണ് വിജയഭാസ്കർ. ഇതോടെ പാർട്ടിയുടെ നിയമസഭയിലെ അംഗസംഖ്യ 47ൽനിന്ന് 41 ആയി കുറഞ്ഞു. വിജയഭാസ്കർ ഭരണകക്ഷിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിനൊപ്പം ചേരുമെന്നാണ് സൂചന.
ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ സർക്കാരിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എം ആർ വിജയഭാസ്കർ. 2021ൽ കരൂരിൽ ഡിഎംകെയുടെ സെന്തിൽ ബാലാജിയോട് പരാജയപ്പെട്ടെങ്കിലും 2026ൽ മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. മുൻ അണ്ണാ ഡിഎംകെ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന സി വിജയഭാസകറും അടുത്തിടെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. സി വിജയഭാസ്കർ ഇന്ന് ടിവികെയിൽ ചേർന്നേക്കുമെന്ന സൂചനയുണ്ട്. മെയ് 13ന് തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവരടക്കം 25 അണ്ണാ ഡിഎംകെ എംഎൽഎമാർ ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.
ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കാമെന്ന് കരുതിയിരുന്നെങ്കിലും ടിവികെ മുന്നേറ്റത്തിൽ അണ്ണാ ഡിഎംകെയും നിലംപതിക്കുകയായിരുന്നു. ടിവികെ ഭരണത്തിലേറിയതിന് പിന്നാലെ പാർട്ടിയിൽ തുടരുന്ന എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിക്ക് കനത്ത തിരിച്ചടിയാണ്.
ഭരണം പിടിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണം ഉയരുന്നതിനിടെ ആണ് പ്രതിപക്ഷത്തെ മറ്റൊരു എംഎൽഎ കൂടി രാജിവെക്കുന്നത്. എംഎൽഎമാരുടെ കൂടുമാറ്റത്തിൽ എഎംഎംകെ നേതാവ് ടി ടി വി ദിനകരൻ വിമർശനം കടുപ്പിച്ചിട്ടുണ്ട്. സർക്കാരിൻ്റെ നിലനിൽപ്പിനായി ടിവികെ മറ്റ് പാർട്ടികളിൽ നിന്നുള്ള എംഎൽഎമാരെ വശീകരിക്കുകയാണെന്ന് ടി ടി വി ദിനകരൻ ആരോപിച്ചു.


