ഇറ്റലിയില്‍ നിന്നും ജയ്‍പൂരില്‍ എത്തിയ വിദേശ സഞ്ചാരിക്ക്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 

ദില്ലി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇറ്റലിയില്‍ നിന്നും ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സ‍ഞ്ചാരികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാള്‍ക്കൊപ്പം ജയ്പൂരിലെത്തിയ മറ്റു ഇറ്റാലിയന്‍ പൗരന്‍മാരെയെല്ലാം നേരത്തെ തിരികെ അയച്ചിരുന്നു. 

അതിനിടെ 2500 പേരെ പാര്‍പ്പിക്കാവുന്ന മുൻ കരുതൽ കേന്ദ്രങ്ങൾ അടിയന്തരമായി തുറക്കാൻ സേന വിഭാഗങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്. കര, നാവിക, വ്യോമ സേനകൾക്കാണ് കേന്ദ്രസർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. അതിനിടെ ഇന്ത്യൻ നാവികസേനയുടെ മിലാൻ നാവിക പ്രദർശനം ഉപേക്ഷിച്ചു. മാർച്ച്‌ 18 മുതൽ വിശാഖപട്ടണത്ത് നടത്താൻ ഉദ്ദേശിച്ച പ്രദർശനമാണ് ഉപേക്ഷിച്ചത്. പ്രദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ആലോചിക്കുന്നുണ്ട്. 

അതേസമയം കൊവി‍ഡ് 19 വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വൈറസ് ബാധയെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. ഇന്ന് രാവിലെ വിവിധ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും യോഗം വിളിച്ചു പ്രധാനമന്ത്രി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 

ആഗ്രയിൽ രോഗബാധിതരെന്ന് സംശയിക്കുന്ന ആറ് പേരെ ദില്ലി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ദില്ലിയില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശുപത്രികളില്‍ ഐസോലൊഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വ്യക്തി ശുചിത്വം പാലിക്കുന്നതിൽ വിട്ടുവീഴ്ച്ച കാണിക്കരുതെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. 

വിദേശപൗരന്‍മാരും സഞ്ചാരികളും ധാരാളമായി എത്തുന്ന ദില്ലിയിലെ ഹയാത്ത് ഹോട്ടലില്‍ ജീവനക്കാരെ മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഭക്ഷണശാലയിൽ ജോലിയിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരും മുൻകരുതൽ എന്ന നിലയിൽ 14 ദിവസം പുറം ലോകവുമായി ബന്ധപ്പെടാതെ നോക്കണമെന്ന് നിർദേശം നൽകിയതായും ഹയാത് റീജൻസി ഹോട്ടൽ അധികൃതർ അറിയിച്ചു. 

ഹോട്ടൽ സന്ദർശിക്കാനെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ തുടങ്ങിയെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാള്‍ ഹയാത്ത് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചിരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഹയാത്തിലും വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത്. 

ദില്ലിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ 46 പേ‍‍രാണ് നീരീക്ഷണത്തിലുളളത്. നോയിഡയിൽ നടന്ന ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിൽ ഇയാളും പങ്കെടുത്തിരുന്നു. ആഘോഷത്തിനെത്തിയ സഹപാഠികളും മാതാപിതാക്കളും അധ്യാപകരും നിരീക്ഷണത്തിലാണ്. വിമാനത്തിൽ ഇയാൾക്കൊപ്പം യാത്ര ചെയ്ത ആഗ്രയിലെ ആറ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. ഇവരെ ദില്ലി സഫദ‍്ർജംഗ് ആശുപത്രിയിലേക്ക് മാറ്റും. മറ്റു ബന്ധുക്കളോടും പരിശോധനക്ക് എത്താൻ അവശ്യപ്പെട്ടിട്ടുണ്ട്.

നോയിഡയിൽ നീരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടില്ലെന്നും രക്തസാംപിളുകൾ പരിശോധനക്ക് അയച്ചെന്നും ചീഫ് മെഡിക്കൽ ഓഫീസർ‍ അറിയിച്ചു. മുൻകരുൽ എന്ന നിലക്കാണ് കുട്ടി പഠിക്കുന്ന സ്കൂളും തൊട്ടടുത്തുള്ള സ്കുളും അടച്ചത്. ഹൈദരാബാദിൽ കോവിഡ് സ്ഥീരീകരിച്ച വ്യക്തി ബംഗൂരുവിൽ നിന്ന് നാട്ടിലേക്ക് സഞ്ചരിച്ച ബസിലെ 27 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗിയുടെ മറ്റ് യാത്രാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. 

ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാർക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദ് ചെയ്തു. നേരത്തേ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് വിസ നിഷേധിച്ചിരുന്നു. ആശങ്ക വേണ്ടെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയതു. വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും പങ്കെടുത്ത അവലോകന യോഗം നടത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു. എന്നാൽ സമൂഹമാധ്യമങ്ങളിൽ സമയം കളയാതെ കോറോണബാധ നിയന്ത്രിക്കാൻ പ്രധാനമന്ത്രി നടപടികൾ ,സ്വീകരിക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു.