ലക്നൗ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം നടന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഫിറോസാബാദില്‍ പൊലീസ് വെടിയേറ്റ് ചികിത്സയിലായിരുന്ന മൊഹമ്മദ് ഹറൂണ്‍ ആണ് ഇന്ന് മരിച്ചത്. കഴുത്തിന് വെടിയേറ്റ മൊഹമ്മദ് ഹറൂണ്‍ എയിംസില്‍ ചികിത്സയിലായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മുക്കിം എന്നയാള്‍ ഇന്നലെ മരിച്ചിരുന്നു. 
അതേസമയം രാംപൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് 28 പേർക്ക് പൊലീസ് നോട്ടീസ് നല്‍കി. പതിനാല് ലക്ഷം രൂപ വീതം ഈടാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താനാണ് നോട്ടീസില്‍ പറയുന്നത്. 

എംബ്രോയിഡറി തൊഴിലാളി ഉൾപ്പടെയുള്ളവർക്കാണ് നോട്ടീസ്. ഉത്തർപ്രദേശിലെ സംഭവങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുകയാണ്. പലയിടത്തും വെടിവച്ചില്ല എന്ന വിശദീകരണം പൊലീസ് നല്‍കുമ്പോഴും പ്രദേശവാസികൾ മറിച്ചുള്ള നിലപാടാണ് വ്യക്തമാക്കുന്നത്. ഇന്നലെ മീററ്റിൽ പൊലീസ് തട‍ഞ്ഞതിനെതുടർന്ന് മടങ്ങിയ രാഹുലും പ്രിയങ്കയും അടുത്ത ദിവസം വീണ്ടും സന്ദർശനത്തിന് ശ്രമം നടത്തും.

Read more:യുപിയിലെ പൊലീസ് വെടിവെപ്പ് മനുഷ്യാവകാശ ലംഘനം: നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ...