ദില്ലി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' വിഷയത്തില്‍ സമവായം തേടി ബിജെപി അടുത്ത ആഴ്ചകളില്‍ പ്രഗത്ഭരെ ഉള്‍പ്പെടുത്തി 25 വെബ്ബിനാറുകള്‍ സംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും മോദി പറഞ്ഞിരുന്നു.

സംസ്ഥാനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടപ്പുകളും പെരുമാറ്റച്ചട്ടവും വികസനത്തിന് തടസ്സമാണെന്നായിരുന്നു മോദിയുടെ വാദം. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിന്റെ നേട്ടത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനാണ് വെബ്ബിനാറുകള്‍ സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ വെബ്ബിനാറുകളില്‍ പങ്കെടുക്കും. പുറമെ നിയമവിദഗ്ധരും മറ്റ് അക്കാദമിക് രംഗത്തെ വിദഗ്ധരും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ അധികാരത്തിലേറിയതുമുതല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. 80ാമത് പ്രിസൈഡിംഗ് ഓഫിസേഴ്‌സ് സമ്മേളനത്തിലാണ് മോദി ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് വീണ്ടും ആവര്‍ത്തിച്ചത്.