ശ്രീന​ഗർ: ജമ്മുകശ്മീരിലെ ​സോപോർ മേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.

അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മുകശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് സേന ഭീകരനെ വധിച്ചത്. പാകിസ്ഥാൻ സൈന്യം വൻ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായാണ് സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിരുന്നത്. 

അമർനാഥ്‌ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാ സേന ഇന്നലെ വൈകിട്ടോടെ ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു. ഭീകരർക്ക് പാക് സൈന്യത്തിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സേനാവക്താക്കള്‍ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ നിർമിത ആയുധങ്ങളിലൊന്ന് ഭീകരത്താവളങ്ങളിലുണ്ടായിരുന്നതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.