രാജസ്ഥാനിൽ ബിജെപി സ്ഥാനാർത്ഥി ഒറ്റ വോട്ടിൽ ഒതുങ്ങി. പർബത്‍സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാഷ്ചന്ദ് ആണ് ഒറ്റ വോട്ടിൽ ഒതുങ്ങിയത്. കോൺഗ്രസ് സ്ഥാനാർത്ഥി ആണ് വാർഡിൽ വിജയിച്ചത്.
ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട്. ഡിഡ്‍വാനാ കുചാമൻ ജില്ലയിലെ പർബത്‍സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാഷ്ചന്ദ് ആണ് ഒറ്റ വോട്ടിൽ ഒതുങ്ങിയത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ട് ലഭിച്ചത് പാർട്ടിക്കും നാണക്കേടായി.
കോൺഗ്രസ് സ്ഥാനാർത്ഥി ഹിന ഖനം ആണ് വാർഡിൽ വിജയിച്ചത്. ഹിന ഖനത്തിന് 376 വോട്ടുകൾ നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായ റാഷിദ് ഖാന് 195 വോട്ടുകൾ ആണ് ലഭിച്ചത്. 12-ാം വാർഡിൽ നിന്നുള്ള തന്നെ ബിജെപി 13-ാം വാർഡിൽ മത്സരിപ്പിക്കുകയായിരുന്നുവെന്ന് കൈലാഷ്ചന്ദ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. "എനിക്ക് ഒരു വോട്ടാണ് ലഭിച്ചത്. എൻ്റെ വോട്ട് 12-ാം വാർഡിലാണ്. എന്നെ മത്സരിപ്പിച്ചത് 13-ാം വാർഡിലാണ്"- കൈലാഷ്ചന്ദ് പറഞ്ഞു. തനിക്ക് വോട്ട് ചെയ്ത ഒരാളെ കൈലാഷ്ചന്ദിന് കണ്ടുപിടിക്കാനായിട്ടില്ല.
25 വാർഡുകളുള്ള പർബത്‍സർ മുനിസിപ്പാലിറ്റിയിൽ കനത്ത മത്സരമാണ് ഇക്കുറി നടന്നത്. 13 വാർഡുകൾ പിടിച്ച് കോൺഗ്രസ് ഭരണം ഉറപ്പിച്ചപ്പോൾ, ബിജെപി 12 വാർഡുകൾ പിടിച്ച് തൊട്ടുപിന്നിലെത്തി.
അതേസമയം രാജസ്ഥാനിലെ 10 മുനിസിപ്പൽ കോർറേഷനുകൾ അടക്കം 309 തദ്ദേശ സ്ഥാപനങ്ങളിലെ 10,245 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കാണ് മേൽക്കൈ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 4,023 വാർഡുകളിൽ ബിജെപി വിജയിച്ചു. കോൺഗ്രസിന് 3,438 വാർഡുകളിലാണ് വിജയം. കോട്ട, ജയ്പൂർ, ഉദയ്പൂർ എന്നീ കോർപറേഷനുകളിൽ ബിജെപി ഭരണം പിടിച്ചപ്പോൾ അജ്മിർ, ബിക്കാനീർ എന്നീ കോർപറേഷനുകൾ ഭരണം കോൺഗ്രസ് പിടിച്ചു.
രാവിലെ എട്ടുമണിമുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഇക്കഴിഞ്ഞ ഒൻപത്, 11 തീയതികളിലാണ് വോട്ടെടുപ്പ് നടന്നത്. 2028ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്.


