മോദിയെ ഒറ്റക്ക് തോൽപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പരസ്യമായി സമ്മതിച്ചതിന് നന്ദിയെന്ന് സ്മൃതി ഇറാനിയും പറഞ്ഞു. അതേസമയം, പ്രതിപക്ഷ സഖ്യയോഗത്തിൽ സഖ്യം ആര് നയിക്കുമെന്നതിൽ ചർച്ചയുണ്ടായില്ല. 2024ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാനാണ് പ്രതിപക്ഷ സഖ്യരൂപീകരണ ചർച്ചകൾ ഉടലെടുത്തത്.
ദില്ലി: പ്രതിപക്ഷ സഖ്യയോഗത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നടക്കുന്നത് ഫോട്ടോ സെഷൻ മാത്രമാണെന്ന് അമിത്ഷാ പറഞ്ഞു. മോദിയെ ഒറ്റക്ക് തോൽപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പരസ്യമായി സമ്മതിച്ചതിന് നന്ദിയെന്ന് സ്മൃതി ഇറാനിയും പറഞ്ഞു. അതേസമയം, പ്രതിപക്ഷ സഖ്യയോഗത്തിൽ സഖ്യം ആര് നയിക്കുമെന്നതിൽ ചർച്ചയുണ്ടായില്ല. 2024ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാനാണ് പ്രതിപക്ഷ സഖ്യരൂപീകരണ ചർച്ചകൾ ഉടലെടുത്തത്.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങി നടക്കാനിരിക്കുന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ജയിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാവപ്പെട്ടവർക്കൊപ്പമാണ്. മുതലാളിമാർക്കായാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. 16 പാർട്ടികളിൽ നിന്ന് 22 നേതാക്കളാണ് പ്രതിപക്ഷ സഖ്യയോഗത്തിൽ പങ്കെടുത്തത്. 6 മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ആദ്യം സംസാരിച്ചത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് പാർട്ടികൾ ഒന്നിക്കണമെന്ന് നിതീഷ് കുമാർ യോഗത്തിൽ പറഞ്ഞു.
ദില്ലി ഓർഡിനൻസ് വിഷയം ഗൗരവമായി പരിഗണിക്കണമെന്നായിരുന്നു അരവിന്ദ് കെജരിവാളിന്റെ ആവശ്യം. കോൺഗ്രസ് നിലപാട് നിരാശപ്പെടുത്തിയെന്നും യോഗത്തിൽ കെജരിവാൾ പറഞ്ഞു. മണ്ഡലങ്ങളിൽ പൊതു സ്ഥാനാർത്ഥിയെന്ന നിർദ്ദേശം ആരും മുൻപോട്ട് വച്ചിട്ടില്ലന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നു. പ്രതിപക്ഷ സഖ്യയോഗത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഡി രാജ. അത്തരമൊരു ചർച്ച നിലവിൽ ഇല്ല. സീറ്റ് വിഭജന ചർച്ചയും നയവും സംസ്ഥാനങ്ങളിൽ തീരുമാനിക്കേണ്ട കാര്യമാണ്. അവിടെ കക്ഷികൾ പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. സഖ്യത്തെ ആര് നയിക്കുമെന്നത് പ്രധാനമല്ല. കൂട്ടായ നീക്കമാണ് വേണ്ടത്. ഒരു പാർട്ടിയേയും കേന്ദ്രീകരിച്ചല്ല ചർച്ച മുന്നോട്ട് പോകുന്നത്. അത്തരം പ്രചാരണം ബി ജെ പിയുടെ തന്ത്രമാണ്. ദില്ലി ഓർഡിനൻസ് വിഷയം ന്യായമാണ്. എല്ലാ കക്ഷികളും ഒന്നിച്ച് നിൽക്കണം. സിപിഐ പിന്തുണക്കുന്നുവെന്നും ഡി രാജ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ സഖ്യയോഗം: സഖ്യത്തെ ആര് നയിക്കുമെന്നത് പ്രധാനമല്ല. കൂട്ടായ നീക്കമാണ് വേണ്ടത്: ഡി രാജ
