ബഹുമാനപ്പെട്ട ചൗക്കീദാർ ശ്രീ നരേന്ദ്രമോദി എന്ന് അഭിസംബോദന ചെയ്തുകൊണ്ടാണ് ബിനോയ് വിശ്വം കത്ത് തുടങ്ങിയിരിക്കുന്നത്. 

ദില്ലി: കാവല്‍ക്കാരാ താങ്കൾ കാവല്‍ നിന്ന കാലം രാജ്യത്ത് പാര്‍ലമെന്റ് കൂടിയത് 331 ദിവസം മാത്രമല്ലേയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. മോദിക്കയച്ച കത്തിലാണ് ബിനോയ് വിശ്വം ചോദ്യം ഉന്നയിച്ചത്. 2014 ജൂണിനും 2019 ഫെബ്രുവരിക്കും ഇടയിലുള്ള കണക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ബഹുമാനപ്പെട്ട ചൗക്കീദാർ ശ്രീ നരേന്ദ്രമോദി എന്ന് അഭിസംബോദന ചെയ്തുകൊണ്ടാണ് ബിനോയ് വിശ്വം കത്ത് തുടങ്ങിയിരിക്കുന്നത്. 331 ദിവസങ്ങളില്‍ 40 ശതമാനത്തില്‍ താഴെ മാത്രമല്ലേ താങ്കളുടെ ഹാജര്‍ എന്നും മോദിയോട് ബിനോയ് വിശ്വം ചോദിക്കുന്നു.

മോദിയോട് ചോദ്യം ഉന്നയിച്ച ബിനോയ് വിശ്വം, കാലാവധി പൂര്‍ത്തിയാക്കിയ മുന്‍കാല സഭകള്‍ കൂടിയത് ശരാശരി 468 ദിവസമായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റില്‍ എത്ര ദിവസം ഹാജരായി എന്ന തന്റെ ചോദ്യത്തിന് മോദിയിൽ നിന്നും മറുപടി കിട്ടിയിരുന്നില്ലെന്നും ബിനോയ് വിശ്വം പറയുന്നു.