Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ ചക്ര: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ സിബിഐ; സ്വർണവും പണവും കണ്ടെത്തി

വിദേശ പൗരന്മാരെ കോൾ സെൻ്ററുകൾ വഴി ബന്ധപ്പെട്ട് ബാങ്ക് വിവരങ്ങളും മറ്റും ശേഖരിച്ച് നടത്തുന്ന ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു നടപടികൾ

operation chakra CBI raids 105 spots across india against Cyber economic offences
Author
First Published Oct 4, 2022, 7:56 PM IST

ദില്ലി: സൈബർ സംവിധാനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ഓപ്പറേഷൻ ചക്രയുമായി സിബിഐ. രാജ്യത്ത് 105 ഇടത്ത് സിബിഐ ഉൾപ്പെട്ട സംഘം പരിശോധന നടത്തി. ഒന്നര കോടി രൂപയും ഒന്നര കിലോ സ്വർണ്ണവും റെയ്ഡിൽ പിടികൂടിയെന്നാണ് ഔദ്യോഗിക വിവരം.

സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാല് സ്ഥലങ്ങളിലും ദില്ലിയിലെ  അഞ്ച് സ്ഥലങ്ങളിലും ചണ്ഡീഗഡിലെ മൂന്ന് സ്ഥലങ്ങളിലും പഞ്ചാബ്, കർണാടക, അസം എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ നടന്നിട്ടുണ്ട്. ഇന്റർപോൾ, അമേരിക്കയിൽ നിന്നുള്ള എഫ്ബിഐ, കാനഡയിൽ നിന്നുള്ള റോയൽ കനേഡിയൻ മൗണ്ടൻ പോലീസ്, ഓസ്ട്രേലിയയിൽ നിന്നുള്ള ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് എന്നിവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ രാജ്യത്തെമ്പാടും റെയ്ഡ് നടത്തിയത്. വിദേശ പൗരന്മാരെ കോൾ സെൻ്ററുകൾ വഴി ബന്ധപ്പെട്ട് ബാങ്ക് വിവരങ്ങളും മറ്റും ശേഖരിച്ച് നടത്തുന്ന ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു നടപടികൾ.

അതിനിടെ ജമ്മു കശ്മീരിൽ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ചു. കമാൻഡർ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് കൺടു, ബാസിത്ത് അഹമ്മദ്, ലഷ്ക്കർ ഭീകരൻ ഹബിബുള്ള മാലിക് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്. യു എ പി എ നിയമപ്രകാരമാണ് നടപടി. ജമ്മു കശ്മീർ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനത്തിന് ഇവർ നേതൃത്വം നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

അതേസമയം ജമ്മു കശ്മീർ ജയില്‍ മേധാവിയായ ഹേമന്ദ് കുമാർ ലോഹ്യയെ ഇന്നലെ രാത്രി ഉദയ്‍വാല മേഖലയിലെ സുഹൃത്തിന്‍റെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സഹായിയായി ജോലി ചെയ്‍തിരുന്ന യാസിർ അഹമ്മദ് മുറിയില്‍വച്ച് ചില്ലുകുപ്പി പൊട്ടിച്ച് കഴുത്തറുത്താണ് ഹേമന്ദ് കുമാര്‍ ലോഹ്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കത്തിക്കാനും ഇയാൾ ശ്രമിച്ചു. ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതിയെ ഉച്ചയോടെയാണ് പിടികൂടിയത്. 23 കാരനായ യാസിർ അഹമ്മദ് മാനസികമായി വെല്ലുവിളി നേരിടുന്നുയാളാണെന്നും, വിഷാദ രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നും ജമ്മു കശ്മീർ ഡിജിപി പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യുകയാണ്.  

Follow Us:
Download App:
  • android
  • ios