കൊച്ചി/മാലി: 202 യാത്രക്കാരുമായി ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത്തെ കപ്പൽ മാലിദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. നാവികസേനയുടെ സമുദ്രസേതു ദൗത്യത്തിലെ രണ്ടാമത്തെ യാത്രയാണ് ഇത്. ഐഎൻഎസ് മ​ഗറാണ് യാത്രക്കാരെ കൊച്ചിയിലെത്തിക്കുന്നത്. മേയ് 12ന് രാവിലെ കപ്പൽ കൊച്ചിയിലെത്തും.

ആദ്യ ദൗത്യത്തിൽ നേവിയുടെ ഐഎൻഎസ് ജലാശ്വ 698 പേരെ ഇന്ന് കൊച്ചിയിലെത്തിച്ചിരുന്നു. ഇതിൽ 440 പേ‍ർ മലയാളികളും, 156 തമിഴ് നാട് സ്വദേശികളും ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. യാത്രക്കാരിൽ 19 പേർ ഗർഭിണികളും 14 പേർ കുട്ടികളുമാണ്.
കേരളം തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് പുറമെ, കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. തിരിച്ചെത്തിയവരിൽ 103 പേർ സ്ത്രീകളും 595 പേർ പുരുഷന്മാരുമാണ്.

സാധാരണ നാവികസേന ദൗത്യത്തിന് പണം ഈടാക്കാറില്ല. എന്നാൽ ഇത്തവണ 40 ഡോളർ യാത്രക്കാരിൽ നിന്ന് ഈടാക്കിയാണ് ഇവരെ കൊച്ചിയിലേക്ക് എത്തിച്ചത്. ഇവരിൽ 638 പേർക്കും കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് മാലിയിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്.