ഇനിയൊരു അറിയിപ്പുണ്ടാകും വരെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ ഒരു വിമാനവും ലാന്‍ഡ് ചെയ്യുകയോ പറന്നുയരുകയോ ചെയ്യില്ല

അമൃത്‌സര്‍: പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പൊലീസ് അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കില്ല. 

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കടുത്ത ജാഗ്രതയാണ് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലുമുള്ളത്. മെയ് 10-ാം തിയതി വരെ വടക്കെ ഇന്ത്യയിലെയും വടക്ക്-പടിഞ്ഞാറ് ഇന്ത്യയിലെയും വിമാനത്താവളങ്ങള്‍ അടച്ചിടുമെന്ന അറിയിപ്പ് ഇന്നലെ പുറത്തുവന്നിരുന്നു. 'എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കാനും വിമാനത്താവളങ്ങള്‍ അടച്ചിടാനും ഞങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അമൃത്‌സര്‍ വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടും. കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം 21 വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്'- എന്നും പൊലീസ് വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. അതേസമയം രാജ്യത്തെ മറ്റെല്ലാ വിമാനത്താവളങ്ങളും ജാഗ്രത പാലിക്കുന്നുണ്ട്. എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ വിമാന കമ്പനികള്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കുന്നതായി ഇന്നലെ അറിയിച്ചിരുന്നു. 

ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പാക് തീവ്രവാദി ആക്രമണത്തിന് മറുപടിയായാണ് ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകര പരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' വിജയകരമാക്കിയത്. ഇവയില്‍ നാല് ഭീകര പരിശീലന കേന്ദ്രങ്ങള്‍ പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്‌മീരിലുമായിരുന്നു. മൂന്ന് സേനാവിഭാഗങ്ങളും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പാക് ഭീകര്‍ കൊല്ലപ്പെട്ടു. ഭീകരുടെ പരിശീലന കേന്ദ്രങ്ങള്‍ അപ്പാടെ തകര്‍ന്നുതരിപ്പിണമായി. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ താവളങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം എന്ന് സൈന്യം വിശദീകരിച്ചു. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ഇതിന് ശേഷം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഷെല്ലാക്രമണവുമായി അതിരുകടക്കുകയാണ് പാകിസ്ഥാന്‍. ഇനിയും ആക്രമിച്ചാല്‍ ശക്തമായ സൈനിക നടപടിയിലേക്ക് കടക്കും എന്നാണ് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം