ദില്ലി: കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിന്‍റെ പ്രവർത്തനം അരമണിക്കൂർ നിർത്തിവച്ചു. വിമാനത്താവളത്തിന്‍റെ റണ്‍വേയിലടക്കം വെള്ളം കയറിതിനാൽ രാത്രി 8 മണി മുതൽ 8.30 വരെയാണ് പ്രവർത്തനം നിർത്തിവച്ചത്. പല വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നതും ലാൻഡ് ചെയ്യുന്നതും. 

റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ രൂക്ഷമായ ഗതാഗത കുരുക്കാണ് തലസ്ഥാനത്ത്. ദില്ലിയിലും , പഞ്ചാബിലും ഉത്തരാഖണ്ഡിലും നാളെയും മഴയ്ക്ക് സാധ്യത ഉണ്ടെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ സ്കൈമെറ്റ് പ്രവചിച്ചു. 

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ദില്ലിലെ ചില ഭാ​ഗങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചാർക്കി ദാദ്രി, കോസ്ലി, റെവാരി, ബാവൽ, ഭിവടി, മനേസർ, ഗുരുഗ്രാം, സോഹ്ന, ബല്ലഭ്ഗഡ്, ഫരീദാബാദ്, നോയിഡ, ജജ്ജർ, ഭിവാനി, ജിന്ദ്, റോഹ്തക്, സോണിപട്ട് തുടങ്ങിയ പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.