Asianet News MalayalamAsianet News Malayalam

'രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്നോട്ടില്ല'; മോദിയുടെ ശൈലിക്കെതിരായ പോരാട്ടമെന്ന് സിൻഹ

ദ്രൗപദി മുർമു സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ജെഎംഎം നേരത്തെ നല്കിയ വാക്ക് പാലിക്കും എന്നാണ് കരുതുന്നത്. ഇപ്പോഴത്തെ പോരാട്ടം രണ്ടായിരത്തി ഇരുപത്തി നാലിലേക്കും നീളുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

Opposition candidate Yashwant Sinha says will stand firm in presidential election
Author
Delhi, First Published Jun 25, 2022, 7:54 AM IST

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉറച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ദ്രൗപദി മുർമു സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ജെഎംഎം നേരത്തെ നല്കിയ വാക്ക് പാലിക്കും എന്നാണ് കരുതുന്നത്. ഇപ്പോഴത്തെ പോരാട്ടം രണ്ടായിരത്തി ഇരുപത്തി നാലിലേക്കും നീളുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രതിപക്ഷ നീക്കത്തിന് ഇനിയും മുന്നിലുണ്ടാകുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു. നിലവിലെ രാഷ്ട്രപതി ഭരണഘടന സംരക്ഷിക്കുന്നതിൽ പലപ്പോഴും പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷവും രാഷ്ട്രപതിക്ക് ചുമതല നന്നായി നിർവ്വഹിക്കാനായില്ല എന്നാണ് അഭിപ്രായമെന്ന് പറഞ്ഞ, യശ്വന്ത് സിൻഹ നരേന്ദ്ര മോദിയുടെ ശൈലിക്കെതിരായ പോരാട്ടമെന്നും കൂട്ടിച്ചേര്‍ത്തു. 

'ഞാൻ പൊതു രംഗത്ത് 62 വർഷമായുണ്ട്. കാരണം ഞാൻ ഐഎഎസിൽ ചേർന്നന് 1960ലാണ്. അതു കൊണ്ട് തന്നെ ഞാൻ സർക്കാരിലും ഭരണത്തിലും പല പദവികൾ വഹിച്ചു. ഇത്രയും പ്രവർത്തനപരിചയം ഉള്ളവർ ഇപ്പോൾ രാജ്യത്തുണ്ടാവില്ല. ഈ തീരുമാനമെടുത്തതിൻറെ കാരണം ലളിതമാണ്. രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാന പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. ഒടുവിൽ എന്‍റെ പേര് തീരുമാനിച്ചു. ഞാൻ മത്സരിക്കാമെന്ന് സമ്മതിച്ചു. ഇത് രാഷ്ട്രീയ ജീവിതത്തിലെ പുതിയ അദ്ധ്യായമാണെന്ന് കരുതുന്നു. കാരണം പ്രതിപക്ഷ പാർട്ടികൾ ഒരു സ്ഥാനാർത്ഥിയെ നിറുത്തിയത് പ്രധാനപ്പെട്ട നീക്കമാണ്. ഇത് ഇവിടെ അവസാനിക്കില്ല എന്ന് കരുതുന്നു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 2024ലെ തെരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണ്. പ്രതിപക്ഷം ഈ സ്വേച്ഛാധിപത്യ സർക്കാരിനെതിരെ പോരാടും.' :-യശ്വന്ത് സിൻഹ 

രാഷ്ട്രപതി സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ പ്രധാന കടമ ഭരണഘടനയെ സംരക്ഷിക്കലാണ്. നമ്മുടെ ഭരണഘടന ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാഷ്ട്രപതി ഭരണനിർവ്വഹണ സംവിധാനത്തെ നിയന്ത്രിക്കേണ്ട വ്യക്തിയാണ്. കാരണം ഭരണസംവിധാനം ഭരണഘടന മറികടക്കുമ്പോൾ അവർ ഇടപെടേണ്ടതാണ്. പലപ്പോഴും നമ്മുടെ സമ്പ്രദായത്തിൽ രാഷ്ട്രപതി ദുർബലമായിരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷവും രാഷ്ട്രപതിക്ക് ചുമതല നന്നായി നിർവ്വഹിക്കാനായില്ല എന്നാണ് അഭിപ്രായമെന്നും യശ്വന്ത് സിൻഹ പറഞ്ഞു. പതിനെട്ടാം തിയതിക്ക് മുമ്പ് പല കാര്യങ്ങളും മാറും. ഝാർഖണ്ട് മുക്തി മോർച്ചയും നേരത്തെ എന്നെ പിന്തുണച്ചതാണ്. അവരുടെ പാർട്ടി യോഗം വിളിച്ചതിൽ പ്രശ്നമില്ല. അവർ നേരത്തെ നല്കിയ പിന്തുണയിൽ ഉറച്ചു നിലക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതിയെ സമവായത്തിലൂടെയാണ് തെരഞ്ഞെടുക്കേണ്ടത്. ആ ഉത്തരവാദിത്തം സർക്കാരിനായിരുന്നു. സർക്കാർ പ്രതിപക്ഷവുമായി സംസാരിച്ചു. എന്നാൽ ഇത് പൂർണ്ണ മനസ്സോടെയായിരുന്നില്ല. അവരോട് സ്ഥാനാർത്ഥിയെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്‍റെ പേരാണ് ആദ്യം പ്രഖ്യാപിച്ചത്. സർക്കാരിന് സമവായം ഉണ്ടാക്കണം എന്നുണ്ടായിരുന്നെങ്കിൽ ദ്രൗപദി മുർമുവിന്‍റെ പേര് ആദ്യം പറയണമായിരുന്നു. ഈ സർക്കാർ സമവായത്തിലല്ല എതിരാളികളെ നേരിടാനും അപമാനിക്കാനും ശ്രമിക്കാറുള്ളതെന്നും യശ്വന്ത് സിൻഹ വിമര്‍ശിച്ചു. ഇത് പ്രധാനമന്ത്രിയുടെ ശൈലിക്കെതിരായ പോരാട്ടം തന്നെയാണ്. ഭരണഘടനയേയും മൂല്യങ്ങളേയും സംരക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios