ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാൽ പുതിയ ശിൽപത്തിലുള്ളവക്ക് നരഭോജി ഭാവമാണുള്ളതെന്നും ആർജെഡി  ട്വീറ്റ് ചെയ്തു.

ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തിൽ. എക്‌സിക്യൂട്ടീവിന്റെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി ചിഹ്നം അനാവരണം ചെയ്‌തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തിയതിന് പിന്നാലെ ദേശീയ ചി​ഹ്നം പരിഷ്കരിച്ച് അപമാനിച്ചതായും പ്രതിപക്ഷം ആരോപിച്ചു. ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാൽ പുതിയ ശിൽപത്തിലുള്ളവക്ക് നരഭോജി ഭാവമാണുള്ളതെന്നും ആർജെഡി ട്വീറ്റ് ചെയ്തു. യഥാർത്ഥ അശോക സ്തംഭത്തിലെ സിംഹങ്ങൾ സൗമ്യമായ ഭാവമാണ്. എന്നാൽ അമൃത് കാലിൽ നിർമ്മിച്ചവ രാജ്യത്തെ എല്ലാം തിന്നുന്ന നരഭോജിയുടെ ഭാവം കാണിക്കുന്നെന്ന് ട്വീറ്റിൽ പറയുന്നു. തൃണമൂൽ കോൺഗ്രസും സ്തംഭത്തിനെതിരെ രം​ഗത്തെത്തി. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവ​ഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂൽ രാജ്യസഭാ വക്താവും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. 

Scroll to load tweet…

ഒറിജിനൽ ചിഹ്നം ഭംഗിയുള്ളതും, ആത്മവിശ്വാസമുള്ളതുമാണ്. വലതുവശത്തുള്ളത് മോദിയുടെ പതിപ്പാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ചിഹ്നം ആക്രമണാത്മകവും അനുപാതരഹിതവുമാണ്. രാജ്യത്തിന് നാണക്കേടാണിത്! ഉടനെ മാറ്റുക- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പ്രതിപക്ഷ ആരോപണത്തെ ബിജെപി തള്ളി. സമൂഹത്തിൽ എല്ലാം പരിണമിക്കുന്നു, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം ഞങ്ങളും പരിണമിച്ചു. ഒരു കലാകാരന്റെ ആവിഷ്കാരം സർക്കാർ നിലപാട് ആയിരിക്കണമെന്നില്ല. എല്ലാത്തിനും നിങ്ങൾക്ക് ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് ബിജെപിയുടെ നേതാവ് ചന്ദ്ര കുമാർ ബോസ് പറഞ്ഞു.

Scroll to load tweet…

അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലുള്ള ചിഹ്നത്തിന് യാതൊരു വ്യത്യാസവുമില്ലെന്ന് ഡിസൈനർമാരായ സുനിൽ ഡിയോറും റോമിയൽ മോസസും പ്രതികരിച്ചു. സിംഹങ്ങളുടെ സ്വഭാവം ഒന്നുതന്നെയാണ്. വളരെ ചെറിയ വ്യത്യാസങ്ങളുണ്ടാകാം. ആളുകൾക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടാകാം. ഇതൊരു വലിയ പ്രതിമയാണ്, താഴെ നിന്നുള്ള കാഴ്ച ഒരു വ്യത്യസ്ത പ്രതീതി നൽകാമെന്നും അവർ പറഞ്ഞു. ഹൈദരാബാദ് എംപിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവനുമായ അസദ്ദുദ്ദീൻ ഒവൈസിയും രം​ഗത്തെത്തി. സർക്കാരിന്റെ തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാൻ പാടില്ലായിരുന്നു. പ്രധാനമന്ത്രി എല്ലാ ഭരണഘടനാ മാനദണ്ഡങ്ങളും ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. 

Scroll to load tweet…