പ്രതിച്ഛായ നന്നാക്കാനോ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനോ അല്ല താന്‍ സംസാരിക്കുന്നതെന്ന മുഖവുരയോടെയായിരുന്നു ഇന്നലെ മോഹന്‍ ഭാഗവതിന്‍റെ പ്രസംഗം. എന്നാൽ മോഹൻ ഭാഗവത്തിന്‍റെ പരാമ‍‍ർശത്തിന് വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ വിമ‍ർശിച്ചു. 

ദില്ലി: ഹിന്ദു- മുസ്ലീം ഐക്യത്തിന് ആഹ്വാനം ചെയ്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പ്രസംഗം ചര്‍ച്ചയാകുന്നു. ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ത്യയിൽ താമസിക്കാനാവില്ലെന്ന് പറയുന്നയാള്‍ യഥാര്‍ത്ഥ ഹിന്ദുവല്ലെന്നതടക്കമുള്ള മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിലെ പരാമർശങ്ങളാണ് ചർച്ചയാകുന്നത്. മോഹൻ ഭാഗവത്തിന്‍റെ പരാമ‍‍ർശത്തിന് വിശ്വാസ്യതയില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ വിമ‍ർശിച്ചു.

പ്രതിച്ഛായ നന്നാക്കാനോ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനോ അല്ല താന്‍ സംസാരിക്കുന്നതെന്ന മുഖവുരയോടെയായിരുന്നു ഇന്നലെ മോഹന്‍ ഭാഗവതിന്‍റെ പ്രസംഗം. "ഇന്ത്യക്കാർ എല്ലാവരുടെയും ഡിഎന്‍എ ഒന്നാണ്. ഇസ്ലാം മത വിശ്വാസികൾക്ക് ഇവിടെ താമസിക്കാനാവില്ലെന്ന് പറയുന്നയാള്‍ യഥാര്‍ത്ഥ ഹിന്ദു അല്ല. ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ ഹിന്ദുത്വത്തിന് എതിരാണ്. അക്രമം നടത്തുന്നര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയാണ് വേണ്ടത്. നമ്മളെല്ലാവരും ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ഇവിടെ ഹിന്ദുവിന്‍റേയോ മുസ്ലീമിന്‍റേയോ മേധാവിത്വമല്ല, പകരം ഇന്ത്യക്കാരുടെ മേധാവിത്വമാണുണ്ടാകേണ്ടത്. കഴിഞ്ഞ 40,000 വർഷങ്ങളിൽ നമ്മളെല്ലാവരും ഒരേ പൂർവ്വികരുടെ പിൻഗാമികളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്." രാജ്യത്ത് ഹിന്ദു മുസ്ലീം ഐക്യമില്ലാതെ വികസനം സാധ്യമല്ലെന്നുമായിരുന്നു ആര്‍എസ്എസിന്‍റെ മുസ്ലീംവിഭാഗമായ മുസ്സീം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച വേദിയില്‍ വെച്ച് മോഹന്‍ ഭാഗവത് പറഞ്ഞത്. 

പ്രസംഗം ചര്‍ച്ചയായതോടെ രാശ്ട്രീയ നേതാക്കളടക്കം പ്രതികരിച്ചു. ഹിന്ദുവും മുസ്ലീമും ഒന്നാണെന്ന് തീവ്ര ഹിന്ദു സംഘടനകളോടും അമിത് ഷായോടും മോദിയോടുമാണ് പറയേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് പ്രതികരിച്ചു. ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കുമിടയില്‍ ഇത്രയും വെറുപ്പുണ്ടാക്കിയത് ആര്‍എസ്എസ് ആണെന്നും ദിഗ്‍വിജയ് സിങ് വിമ‍ർശിച്ചു.

ആർഎസ്എസ് മേധാവിയുടെ പരാമ‍ർശങ്ങളില്‍ എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു. ഭീരുത്വവും അക്രമവും കൊലപാതകവുമാണ് ഗോഡ്സെയുടെ ഹിന്ദുത്വ ആശയത്തിന്‍റെ അവിഭാജ്യഘടകമെന്ന് ഒവൈസി പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേര് പരാമർശിച്ച് അക്രമം നടത്തിയവരെ കേന്ദ്രമന്ത്രി പൂമാല ഇട്ട് സ്വീകരിച്ചിരുന്നുവെന്നും ഒവൈസി കുറ്റപ്പെടുത്തി. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്നതാണ് ഭാരത സംസ്കാരമെന്നായിരുന്നു പ്രസംഗത്തോടുള്ള ബിജെപിയുടെ പ്രതികരണം. വെറുപ്പിന്‍റെ രാഷ്ട്രീയം കോണ്‍ഗ്രസിന്‍റേതാണെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസ്സൈൻ കുറ്റപ്പെടുത്തി.