ദില്ലി: ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇതിനിടെ ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാൻ കോണ്‍ഗ്രസും എൻസിപിയും ലയിക്കുമെന്ന അഭ്യൂഹത്തിന് ഇടയാക്കി ദില്ലിയിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  

കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് ലോക്സഭയിലുള്ളത്. എന്നാൽ ലോക്സഭാ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാൻ 55 അംഗങ്ങള്‍ വേണം. എൻസിപിക്ക് അഞ്ച് അംഗങ്ങളുണ്ട്. അതേസമയം മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പും വരള്‍ച്ചയുമാണ് ചര്‍ച്ച ചെയ്തെന്ന് ശരദ് പവാര്‍ പിന്നീട് പ്രതികരിച്ചു. ഇരു പാര്‍ട്ടികളും തമ്മിലുള്ള ലയനത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പറയുന്നത്. ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് എംപിമാര്‍ നാളെ യോഗം ചേരുന്നുണ്ട്.

Read More: നിര്‍ണായക നീക്കം: എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമോ? ശരദ് പവാര്‍ പ്രതിപക്ഷ നേതാവാകുമോ?