സസ്പെഷൻ നടപടിക്കെതിരെ 12 അംഗങ്ങളുടെ ധര്‍ണ്ണ പാര്‍ലമെന്‍റ് കവാടത്തിൽ ഇന്നും തുടരും

ദില്ലി: നാഗാലാൻഡ് വിഷയത്തിലും (Nagaland Firing) രാജ്യസഭയിലെ സസ്പെഷൻ നടപടിയിലും ഇന്നും പാര്‍ലമെന്‍റിൽ പ്രതിഷേധം ശക്തമാകും. ഇന്നലെ ആഭ്യന്തര മന്ത്രി അമിത്ഷാ ഇരുസഭകളിലും പ്രസ്താവന നടത്തിയിരുന്നു. ചര്‍ച്ച വേണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാകും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുക. സസ്പെഷൻ നടപടിക്കെതിരെ 12 അംഗങ്ങളുടെ ധര്‍ണ്ണ പാര്‍ലമെന്‍റ് കവാടത്തിൽ ഇന്നും തുടരും. സഭക്കുള്ളിലും പുറത്തുമുള്ള നീക്കങ്ങൾ ആലോചിക്കാൻ രാവിലെ പ്രതിപക്ഷ പാര്‍ടികൾ യോഗം ചേരും.

ജനങ്ങളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും ഇന്നലെ രാവിലെ മുതല്‍ പ്രതിപക്ഷം പ്രക്ഷുബ്ധമാക്കിയിരുന്നു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ചക്ക് ശേഷം മറ്റ് നടപടികൾ മതിയെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്. ഇതോടെ ലോക്സഭ ബഹളത്തിൽ മുങ്ങി. ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മറുപടിയുമായി രംഗത്തെത്തി. ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നാഗാലാന്‍റില്‍ സ്ഥിതി നിയന്ത്രണവിധേയമെന്നും ആഭ്യന്തരമന്ത്രി ലോക്സഭയില്‍ പറഞ്ഞു.

'നാഗാലാന്‍റില്‍ സ്ഥിതി നിയന്ത്രണ വിധേയം'; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് അമിത് ഷാ

അതേസമയം നാഗാലാൻഡ് വെടിവയ്പ്പിൽ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാനത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നാലംഗ സംഘമാകും നാഗാലാൻഡ് സന്ദർശിക്കുക. എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗാലാൻഡിന്‍റെ ചുമതലയുള്ള അജോയ് കുമാർ ഗൗരവ് ഗൊഗോയി എന്നിവരോടൊപ്പം ആന്‍റോ ആന്‍റണി എംപിയും സംഘത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സമിതി സോണിയാഗാന്ധിക്ക് റിപ്പോർട്ട് നൽകും.

നാഗാലാൻഡ് വെടിവയ്പ്പിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സൈന്യം; കോൺഗ്രസ് സംഘം സംസ്ഥാനത്തേക്ക്

അതേസമയം വെടിവയ്പ്പ് സംഭവത്തിൽ സൈന്യത്തിന്‍റെ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാഗാലാൻഡ് വെടിവെപ്പിൽ സൈന്യത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇന്റലിജൻസ് വീഴ്ച പ്രദേശവാസികളുമായ നടന്ന സംഘർഷം അടക്കമുള്ള കാര്യങ്ങൾ സൈന്യം അന്വേഷിക്കും. അതിനിടെ സൈന്യത്തിനെതിരെ നാഗാലാൻഡ് പൊലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പ്രത്യേക യൂണിറ്റായ ഇരുപത്തിയൊന്നാം പാരാസെപ്ഷ്യൽ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് പൊലീസ് കേസ്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നത്.

നാഗാലാന്‍റ് വെടിവെപ്പ് പാര്‍ലമെന്‍റില്‍; രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് പ്രതിപക്ഷം, ബഹളം

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായധനം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം പതിനൊന്ന് ലക്ഷവും നാഗാലാൻഡ് 5 ലക്ഷം രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം സംസ്കരിച്ചു. നാഗാലൻഡിന് ഇത് കറുത്ത ദിനമാണെന്നും നിരപരാധികളെ സുരക്ഷ സേന വധിച്ചെന്നുമാണ് മുഖ്യമന്ത്രി നെയ്ഫിയു റിയോ സംസ്കാരചടങ്ങിൽ പങ്കെടുത്ത ശേഷം പറഞ്ഞത്. അഫ്സ്പാ നിയമം പിൻവലിക്കണമെന്നും റിയോ ആവശ്യപ്പെട്ടു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയും രംഗത്തെത്തിയിരുന്നു. അതേസമയം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.