ദില്ലി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത ആകാമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. വിഷയത്തില്‍ പ്രതിപക്ഷം രാജ്യസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പാര്‍ലമെന്‍റ് സമ്മേളനം നീട്ടുന്നതിനെ എതിര്‍ത്തും പ്രതിപക്ഷം രംഗത്തെത്തി.

കശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന ട്രംപിന്‍റെ പ്രസ്താവനയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് സിപിഐയും സിപിഎമ്മും ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷകക്ഷികള്‍ നിലപാടെടുത്തു. സിപിഎം അംഗം എളമരം കരീം ആണ് വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.  
തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരന്ദ്രമോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്പിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സി പി ഐ എം രാജ്യസഭാഗം എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസ് നൽകി. സിപിഐയും കോണ്‍ഗ്രസും ഇതേ വിഷയമുന്നയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ലോക്സഭയിലും ആവശ്യമുന്നയിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം ഇന്നലെ പുറത്തുവന്നിരുന്നു. ഇന്ത്യ തന്നോട് ആവശ്യപ്പെട്ടു എന്നല്ല താന്‍ ഇന്ത്യയെ സഹായിക്കാന്‍ സന്നദ്ധനാണ് എന്നാണ് ട്രംപ് പറഞ്ഞതെന്നാണ് പ്രതിരോധമന്ത്രി എസ് ജയശങ്കര്‍ വിശദീകരിച്ചത്. ട്രംപിന്‍റെ പ്രസ്താവനയില്‍ ഇന്ത്യ എതിര്‍പ്പറിയിച്ചു എന്നും വിവരമുണ്ട്.