ലാഹോർ: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോ​ഗബാധിതരുള്ളത്. 400 പേർക്കാണ് ഇവിടെ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു.  ശനിയാഴ്ച എല്ലാ രാജ്യാന്തര വിമാനസര്‍വ്വീസുകളും പാകിസ്ഥാന്‍ റദ്ദ് ചെയ്തിരുന്നു. കാര്യങ്ങള്‍ വഷളാകുന്നത് പരിഗണിച്ച് രാജ്യം ലോക്ഡൗണ്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ജനങ്ങള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടുന്നുണ്ട്.

അതേ സമയം രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. കൊറോണ വൈറസിനെതിരെ പോരാടാൻ സ്വയം ക്വാറന്റൈൻ പാലിക്കുക എന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തഞ്ച് ശതമാനം ജീവിക്കുന്നത് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ കൂലിത്തൊഴിലാളികൾ, തെരുവുകച്ചവക്കാർ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ വീടുകൾ അടച്ചുപൂട്ടുന്നതിന് തുല്യമാകും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ അവരെങ്ങനെ ജീവിക്കും? രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഇമ്രാൻ ഖാൻ പറഞ്ഞു. 

നിലവിലെ സാഹചര്യത്തിൽ പാവപ്പെട്ടവർക്ക് സഹായമെത്തിക്കുന്നതിനുള്ള കോടിക്കണക്കിന് രൂപയുടെ പാക്കേജ് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് അമ്പത്തിയേഴുകാരൻ മരിച്ചത്. ഇതോടെ പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഏഴ് ആയി. കൊവിഡ് 19 ബാധയെതുടർന്ന് ഒരു ഡോക്ടറും മരിച്ചിരുന്നു. കൊവിഡ്19 ബാധ മൂലം സ്ഥിതി വഷളായതിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേയ്ക്ക് മാറ്റി.