ബംഗാളിൽ ഹുമയൂൺ കബീറിന്റെ എജെയുപിയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ചേർന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. മുസ്ലീം ഭൂരിപക്ഷ ജില്ലകളിലെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിടുന്ന സഖ്യം, മമത ബാനർജിക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നു.
കൊൽക്കത്ത: ബംഗാളിൽ ആം ജനത ഉന്നയൻ പാർട്ടിയും (എജെയുപി) അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീനും (എഐഎംഐഎം) തമ്മിൽ സഖ്യം രൂപീകരിക്കാൻ തീരുമാനമായി. ഹുമയൂൺ കബീറിന്റെ ശ്രമങ്ങൾക്കൊടുവിലാണ് ഇരു പാർട്ടികളും സഖ്യത്തിലെത്തിയത്. ബുധനാഴ്ച മുർഷിദാബാദ് ജില്ലയിൽ രണ്ട് നേതാക്കളും അണികളെ അഭിസംബോധന ചെയ്തു. ഒരുപാട് ചർച്ചകൾക്ക് ശേഷം, അസദുദ്ദീൻ ഒവൈസി എന്നോടൊപ്പം ഉണ്ടെന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഞാൻ അദ്ദേഹത്തോട് നന്ദിയുള്ളവനാണെന്ന് ഹുമയൂൺ കബീർ പറഞ്ഞു. മുഖ്യമന്ത്രി സ്വയം മാ മാതി മാനുഷ് എന്ന് വിശേഷിപ്പിക്കുന്നു. പക്ഷേ അവർക്ക് ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ മുർഷിദാബാദ്, മാൽഡ, ഉത്തർ ദിനാജ്പൂർ ജില്ലകളിലെ ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സഖ്യം പ്രവർത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികവും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണെന്നും സഖ്യം 43 സീറ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്നും രാഷ്ട്രീയ വിദഗ്ധർ പറയുന്നു.
മുർഷിദാബാദിലെ ബാബറി മസ്ജിദ് നിർമ്മാണവും തുടർന്നുണ്ടായ വിവാദങ്ങളും കബീറിനെ ശ്രദ്ധാ കേന്ദ്രമാക്കിയിരുന്നു. ന്യൂനപക്ഷ സമുദായം വെറും വോട്ടിംഗ് മെഷീനുകളായി ചുരുങ്ങിയെന്ന് ഒവൈസി പറഞ്ഞു. 50 വർഷമായി ഞങ്ങൾ മറ്റുള്ളവർക്ക് വോട്ട് ചെയ്യുന്നു. ഇത്തവണ, ഹുമയൂൺ കബീറിന് വോട്ട് ചെയ്ത് നിങ്ങളുടെ സഹോദരങ്ങളെയും കുട്ടികളെയും വിജയിപ്പിക്കാൻ സഹായിക്കൂവെന്ന് ഒവൈസി പറഞ്ഞു. ഇത്തവണ പശ്ചിമ ബംഗാളിലെ മുസ്ലീങ്ങൾ കൂടുതൽ ശക്തരായി ഉയർന്നുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് നേതാവാകാനും നിങ്ങളുടെ വിധിയെക്കുറിച്ച് സ്വയം തീരുമാനമെടുക്കാനും വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തിന്റെ പുരോഗതിയെ ടിഎംസി സർക്കാർ അവഗണിക്കുകയാണെന്നും ഒവൈസി ആരോപിച്ചു. മമതയും മോദിയും തമ്മിൽ വ്യത്യാസമില്ല. ദരിദ്രർക്കും നിസ്സഹായർക്കും സ്വതന്ത്രനായ നേതാവ് ഉണ്ടാകണമെന്ന് നിങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നില്ല. മമതയും മോദിയും സഹോദരീ-സഹോദരന്മാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഒവൈസി വിമർശിച്ചു. ബംഗാളിൽ ഒരു മുസ്ലീം ന്യൂനപക്ഷ രാഷ്ട്രീയ നേതൃത്വം ഉയർന്നുവരണമെന്ന് മമതയും മോദിയും ആഗ്രഹിക്കുന്നില്ലെന്നും ഒവൈസി പറഞ്ഞു.
ഒവെസിയുടെ പാർട്ടിയുടെ സാന്നിധ്യം ന്യൂനപക്ഷ മേഖലകളിൽ, ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. വിഭജിക്കപ്പെട്ട ന്യൂനപക്ഷ വോട്ടുകളിൽ ചിലത് നേടിയാലും പുതിയ സഖ്യത്തിന് മതിയായ സീറ്റുകൾ നേടാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കബീറിലുള്ള വിശ്വാസക്കുറവാണ് ഇതിന് പ്രധാന കാരണം. മുമ്പ് കോൺഗ്രസ്, ബിജെപി, ടിഎംസി എന്നീ മൂന്ന് പാർട്ടികൾക്കൊപ്പവും കബീർ പ്രവർത്തിച്ചിട്ടുണ്ട്. ഒവൈസിയുടെ എഐഎംഐഎമ്മിന് ബംഗാളിൽ സംഘടനാ ശേഷിയുമില്ല. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭംഗർ സീറ്റിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നൗഷാദ് സിദ്ദിഖി അപ്രതീക്ഷിതമായി വിജയിച്ചിരുന്നു. ഇത്തവണ എജെയുപിയുമായി സഖ്യമുണ്ടാക്കാൻ ഐഎസ്എഫ് തീരുമാനിച്ചില്ല.