ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ശിവസേന തര്‍ക്കം തുടരുമ്പോള്‍ പരിഹാസവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. മുഖ്യമന്ത്രി പദം പങ്കുവെക്കാന്‍ ആവശ്യപ്പെടുന്ന 50: 50 ഫോര്‍മുലയെ പരിഹസിച്ച് വിപണിയില്‍ പുതിയ 50 50 ബിസ്കറ്റ് ഉണ്ടോ എന്ന് ഒവൈസി ചോദിച്ചു. 

'എന്താണ് 50: 50? വിപണിയില്‍ പുതിയ ബിസ്കറ്റ് ഉണ്ടോ? നിങ്ങള്‍ എത്ര 50: 50 നടത്തും? മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കായി നിങ്ങള്‍ എന്തെങ്കിലും ചെയ്യുമോ? സത്താറയില്‍ മഴയിലുണ്ടായ നാശനഷ്ടത്തെക്കുറിച്ച് അവര്‍ക്ക് ധാരണയില്ല. എന്ത് തരത്തിലുള്ള വികസനമാണിത്' ഒവൈസി ചോദിച്ചു. തന്‍റെ പാര്‍ട്ടി ബിജെപിയെയോ ശിവസേനയെയോ പിന്തുണയ്ക്കില്ലെന്നും ഒവൈസി പറഞ്ഞു. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമോയെന്ന് അറിയില്ല. കസേരകളി തുടരുകയാണ്. ശിവസേനയ്ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഉദ്ധവ് താക്കറെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമാണെന്നാണ് തോന്നുന്നതെന്നും ഒവൈസി പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും  ശിവസേനയും ധാരണയിലെത്തിയിട്ടില്ല. മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതം വിഭജിക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.