ദില്ലി: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ ബഹൂഭൂരിപക്ഷത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാതെ ലോക്ക് ഡൗൺ നടപ്പിലാക്കിയത് ക്രൂരതയാണെന്ന് ഒവൈസി പറഞ്ഞു.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നൂറ് കണക്കിന് അതിഥി തൊഴിലാളികള്‍ പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രര്‍ക്കാറിനെ വിമര്‍ശിച്ച് ഒവൈസി രംഗത്തെത്തിയത്.

'എല്ലാവരും വീട്ടിലിരിക്കുകയും അതിഥി തൊഴിലാളികള്‍ പലായനം ചെയ്യുകയും ചെയ്യുന്ന എന്ത് തരം ലോക്ക് ഡൗണ്‍ ആണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദില്ലിയിലെ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് ബസുകള്‍ ഇറക്കാമെങ്കില്‍ ബീഹാറില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും സംസ്ഥാനത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന കുടിയേറ്റക്കാരെ തെലങ്കാന സര്‍ക്കാരും സഹായിക്കണ്ടേ?' ഒവൈസി ട്വീറ്റ് ചെയ്തു.

തെലങ്കാനയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ബാങ്ക് അക്കൗണ്ടുകളോ റേഷന്‍കാര്‍ഡുകളോ ഇല്ലാതെ ഒട്ടും സുരക്ഷിതമല്ലാതെ കഴിയുമ്പോള്‍ ദില്ലിയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ബസ് അനുവദിക്കുന്നത് എന്ത് ഏകീകൃത നയമാണെന്നും ഒവൈസി ചോദിക്കുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ അതിഥി തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി.