ദില്ലി: അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു. 200 പേർക്കാണ് വാക്സിന്‍ നല്‍കുന്നത്. അസ്ട്ര സെനക കമ്പനിയുമായി ബ്രിട്ടനിലെ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും താൽക്കാലികമായി നിർത്തിവച്ചിരുന്നു. റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഡിസിജിഐ പരീക്ഷണം തുടരാൻ അനുമതി നൽകുക ആയിരുന്നു.

മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവെച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിർത്തിവച്ച പരീക്ഷണം ബ്രിട്ടനിൽ ഒരാഴ്ച മുമ്പ് വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയർക്ക് ബാധിച്ച രോഗം വാക്സിന്റെ പാർശ്വഫലമാണെന്ന് ആശങ്ക ഉയർന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അൾട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് AZD1222 എന്ന വാക്സിൻ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്. 

ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നൽകിയ വിശദീകരണം. 

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അമ്പത്തിയഞ്ച് ലക്ഷം കടന്നു. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം  പ്രതിദിന വര്‍ധന തൊണ്ണൂറായിരത്തിന് താഴെ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തൊണ്ണൂറായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗ മുക്തരുടെ എണ്ണം. പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിക്ക് മുകളിലാണ് രോഗ മുക്തരുടെ എണ്ണം. 

മഹാരാഷ്ട്രയില്‍ ഇന്നലെ പതിനാറായിരത്തിനടുത്താണ് പ്രതിദിന വർദ്ധന. 15,738 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ആന്ധ്രയില്‍ 6235, കര്‍ണാടകയിൽ 7339, തമിഴ്നാട്ടിൽ 5344 ഉത്തര്‍പ്രദേശിൽ 4703 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന. ദില്ലിയില്‍ ഇന്നലെ 2548 പേരാണ് രോഗ ബാധിതരായത്. മധ്യ പ്രദേശില്‍ 2,525, ഹരിയാനയിൽ 1818, രാജസ്ഥാൻ 1892, ജാർഖണ്ഡ്  1321, ജമ്മുകശ്മീരില്‍ 1,036 പേരും ഇന്നലെ രോഗികളായി.