ദില്ലി: മിന്നലാക്രമണത്തിൽ 350 പേർ കൊല്ലപ്പെട്ടുവെന്ന് പ്രചരിപ്പിച്ചതാരാണെന്ന് കേന്ദ്രസർക്കാരിനോട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം. മിന്നലാക്രമണത്തെ ചൊല്ലി പ്രതിപക്ഷത്തെ വിമർശിക്കാതെ സർക്കാർ ഇക്കാര്യം ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചിദംബരം പറഞ്ഞു.

അതേ സമയം ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ  പറഞ്ഞു. പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയത്. 

നേരത്തേ, ബാലാകോട്ട് ആക്രമണത്തെയും പുൽവാമ ഭീകരാക്രമണത്തെയും രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന് തെളിവ് ചോദിക്കുന്നതിലൂടെ പ്രതിപക്ഷം സായുധസേനയുടെ ആത്മവീര്യം തകർക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. കേന്ദ്രമന്ത്രി എസ് എച്ച് അലുവാലിയയാകട്ടെ മാധ്യമപ്രവർത്തകരോട് ചോദിച്ചത് ബാലാകോട്ടിൽ 300 തീവ്രവാദികൾ മരിച്ചെന്ന് നരേന്ദ്രമോദി നിങ്ങളോട് പറഞ്ഞോ, എന്നാണ്. ഭീകരതയ്ക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു ഉദ്ദേശമെന്നും യഥാർഥത്തിൽ മരണം എത്രയെന്ന് അന്വേഷിക്കുകയാണെന്നുമാണ് അലുവാലിയ പറഞ്ഞത്.